എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...

കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം എന്ന സ്ഥലം നാം അറിയപ്പെടുന്നത് കടമറ്റത്ത് കത്തനാരുടെ പേരിലാണ്. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി A.D.നാലാം നൂറ്റാണ്ടിൽ മാർ ആബോ എന്ന ഭാരതത്തില്‍ എത്തിചേർന്നു. ക്രിസ്തുമത വിശ്വാസം അറിയിക്കുന്നതിനായി അനേക ദേശങ്ങളിൽ സഞ്ചരിച്ചു തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് എത്തി. മാര്‍ ആബോ പിതാവിനാല്‍ സ്ഥാപിതമായതാണ് കടമറ്റം വലിയ പള്ളി. 



  ശെമ്മാശൻ ആയി പൗലോസ്

നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി പൗലോസ് ജനിച്ചു. മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം തന്നത്താൻ പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു. അക്കാലത്ത് ആ കത്തനാർക്ക് അനവധി പശുക്കളും അവയെ മേയ്ക്കുന്നതിന് ആളു മുണ്ടായിരുന്നു. രാവിലെ വല്ലതും പശുക്കളെ മലകളിൽക്കൊണ്ടുപോയി തീറ്റി, നേരം വൈക്കുമ്പോൾ പശുക്കളെയും കൊണ്ടു മടങ്ങിവരിക പതിവായിരുന്നു. ഒരു ദിവസം അവൻ നേരം വൈകി, പശുക്കളെ എല്ലാറ്റിനെയും തിരിയെ അടിച്ചുകൊണ്ടുപോകുന്ന സമയം ഒരു കടുവ ചാടിവന്ന് ഒരു പശുവിനെ അടിച്ചുവീഴ്ത്തുകയും അതു കണ്ടശേ‌ഷം പശുക്കൾ വിരണ്ടു നാലുപുറത്തേക്കുമോടുകയുംകടുവ വ്യാഘ്രം അടിച്ചു വീഴ്ത്തിയ പശുവിനെ എടുത്തുകൊണ്ടു കാട്ടിലേക്കു പായുകയും ചെയ്തു. ഇ പശുക്കൾക്ക് ഇപ്രകാരം ആപത്തു നേരിട്ടിരിക്കുന്നതായിക്കേട്ടു കത്തനാർ അത്യന്തം വി‌ഷണ്ണനായിത്തീർന്നു. ഉടനെ അദ്ദേഹം ചില അനുചരന്മാരോടു പൗലൂസുശെമ്മാശനോടും കൂടി പശുക്കളെ അന്വേ‌ഷിച്ചു പുറപ്പെട്ടു. അവർ കാട്ടിൽക്കയറിയതിന്റെശേ‌ഷം ഓരോരുത്തരും പല വഴികളിലായിപ്പിരിഞ്ഞാണ് അന്വേ‌ഷണം നടത്തിയത്. സ്വല്പ സമയം കഴിഞ്ഞപ്പോഴേക്കും നേരമിരുട്ടുകയും അന്ധകാരംകൊണ്ട് ഒന്നും കാൺമാൻവയ്യാതെയായിത്തീരുകയും ചെയ്യുകയാൽ "ഇന്നിനി അന്വേ‌ഷിച്ചതുകൊണ്ടു ഫലമൊന്നുമുണ്ടാവുകയില്ല" എന്നു പറഞ്ഞുകൊണ്ടു കത്തനാരും കൂട്ടരും മടങ്ങിപ്പോന്നു. പ്പോഴാണ് പൗലൂസുശെമ്മാശന്റെ കാര്യം അദ്ദേഹമോർത്തത്. രാത്രി നേരം വളരെ അധികമായിട്ടും ശെമ്മാശൻ മടങ്ങി വരായ്കയാൽ കത്തനാർ ഏറ്റവും വ്യസനാക്രാന്തനായിത്തീർന്നു.

  നരഭോജികളായ ഗുഹാവാസികളാല്‍

പൗലോസ് ശെമ്മാശൻ ഉള്‍വനത്തിലെ നരഭോജികളായ ഗുഹാവാസികളാല്‍ പിടിക്കപ്പെട്ടു. കാട്ടില്‍ നിന്ന് പിടിക്കപ്പെട്ട് ഗുഹയില്‍ എത്തിക്കുന്ന എന്തിനേയും ഗുഹാവാസികള്‍ കാട്ടുമൂപ്പൻറെ അനുവാദത്തോടെ കൊന്നുപങ്കിട്ട് ഭക്ഷിക്കുകയാണ് പതിവ്. ഗുഹാവാസികള്‍ തന്നെ കൊല്ലുമെന്ന് മനസ്സിലാക്കിയ ശെമ്മാശൻ ദൈവത്തോട് കഠിനമായി പ്രാര്‍ത്ഥിച്ചു. കാട്ടുവാസികളുടെ മൂപ്പന് ആൺമക്കൾ ഇല്ലാതിരുന്നതിനാൽ ശെമ്മാശ്ശനോട് ദയ തോന്നി. ആചാരങ്ങളും കുല മര്യാദകളും പാലിച്ച് ഇവിടെ തന്റെ കൂടെ കഴിഞ്ഞാൽ എല്ലാ മന്ത്രതന്ത്ര വിദ്യകളും പഠിപ്പിച്ച് നൽകാമെന്ന് മൂപ്പൻ പറഞ്ഞു. തിരിച്ച് പോകുവാൻ നിർവ്വാഹമില്ലാത്തതിനാൽ മൂപ്പൻ പറയുന്നതനുസരിച്ച് കത്തനാർ അവിടെ കഴിഞ്ഞു. ഗുഹവാസികളുടെ മൂപ്പനാകേണ്ടവൻ അറിഞ്ഞിരിക്കേണ്ടതായ മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും എല്ലാം വിശദമായി മൂപ്പനില്‍ നിന്നും ശെമ്മാശൻ അഭ്യസിച്ചു. 'സ്തംഭനം' 'ഗോപ്യംനിഗൂഢം' 'തിരസ്ക്കരണി' 'കൂടുവിട്ടു കൂടുചേരൽ' എന്നിവയിൽ തുടങ്ങി, 'ഇന്ദ്രേണദത്തം' 'ദേവമാരുത' 'സുവർണ്ണസ്ത്വാ' 'യമസ്യലോകാത്' 'ആഗ്നേശോദിനി' 'ധ്രുവം ധ്രുവേണ' 'അലക്തജീവ' 'അഹന്തേഭഗ്ന' 'യേമേപാശ' 'അയന്തേയോനി' 'ശപത്വഹൻ' 'മുഞ്ചാവിത്വാ' തുടങ്ങി സകല മാന്ത്രിക വിദ്യാ പാഠഭേദങ്ങളും പ്രായോഗിക പരിജ്ഞാഞാനത്തോടെ മുപ്പൻ ശെമ്മാശ്ശനെ പഠിപ്പിച്ചു. തൻറെ മകളെ വിവാഹം ചെയ്ത് അനന്തരാവകാശി ആക്കണം എന്ന മൂപ്പൻറെ ആഗ്രഹം ശെമ്മാശനെ വേദനിപ്പിച്ചു. തനിക്ക് ഒരിക്കലും നരഭോജികളുടെ മൂപ്പനായി ഗുഹാവാസിയായി കഴിയാനാവില്ലെന്നും തൻറെ മാതാവിനേയും മാര്‍ ആബോ പിതാവിനേയും കാണുവാൻ അതിയായ ആഗ്രഹമുണ്ടെന്നും മൂപ്പനെ ശെമ്മാശൻ ധരിപ്പിച്ചു. ഇതു മനസ്സിലാക്കിയ ഗുഹാവാസികള്‍ ശെമ്മാശനു കാവല്‍ ഏര്‍പ്പെടുത്തി. ഏറെ നാള്‍ കഴിഞ്ഞിട്ടും മനഃമാറ്റം സംഭവിക്കാത്തതിനാല്‍ മൂപ്പൻ ശെമ്മാശന് തിരികെ പോകുവാൻ മൗന അനുവാദം നല്‍കി. എന്നാല്‍ ശെമ്മാശനുവേണ്ടി ഗുഹാവാസികളുടെ നിയമം ലംഘിക്കപ്പെടുവാൻ മൂപ്പനു പ്രയാസമായതിനാല്‍ ഗുഹയില്‍ നിന്നു പഠിച്ചതൊന്നും പുറം ലോകത്തെ പഠിപ്പിക്കില്ല എന്ന് സത്യം ചെയ്യിച്ച്, രാത്രിയാമത്തില്‍ കാവല്‍ക്കാരെ ഉറക്കി രക്ഷപ്പെട്ടുകൊള്ളുവാൻ മൂപ്പൻ ശെമ്മാശനെ ഉപദേശിച്ചു. മൂപ്പനില്‍ നിന്ന് പഠിച്ച വിദ്യ പ്രയോഗിച്ച് കാവല്‍ക്കാരെ ഉറക്കി ശെമ്മാശൻ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട് കടമറ്റം പള്ളിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ശെമ്മാശൻ രക്ഷപ്പെട്ടു എന്നു മനസ്സിലാക്കിയ ഗുഹാവാസികള്‍ അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോകുവാനായി പുറകെ എത്തി. പുലരാറായപ്പോള്‍ പൂട്ടിക്കിടന്ന പള്ളിയുടെ മുന്നില്‍ എത്തിയ ശെമ്മാശൻ പരിശുദ്ധ കന്യക മറിയം അമ്മയെ വിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ പൂട്ടിക്കിടന്ന വാതില്‍ താനെ തുറക്കുകയും ശെമ്മാശൻ പളളിയകത്തു പ്രവേശിക്കുകയും ചെയ്തു. ശെമ്മാശനെ തിരികെ കൊണ്ടു പോകുവാൻ സാധിക്കാത്തതില്‍ കോപിഷ്ടരായ ഗുഹാവാസികള്‍ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് ചങ്ങല കൊണ്ട് പള്ളിയുടെ ഭിത്തിയില്‍ ആഞ്ഞടിച്ചു. നേരം പുലര്‍ന്നു തുടങ്ങിയതിനാലും ശെമ്മാശൻ പള്ളിയകത്ത് ആയതിനാലും ഗുഹാവാസികള്‍ നിരാശരായി തിരികെ പോയി. അവർ പള്ളിഭിത്തിയിൽ ചങ്ങലകൊണ്ടടിച്ചതിന്റെ പാട്‌ ഏറെക്കാലം മായാതെ കിടന്നിരുന്നതായി പഴമക്കാർ പറയുന്നു....... 

കടമ്മറ്റത്തു കത്തനാരെന്നും കടമറ്റത്തച്ചനെന്നും 

പരിസര പ്രദേശങ്ങളിലുണ്ടായിക്കൊണ്ടിരുന്ന പ്രേതബാധോപദ്രവങ്ങളും, അപസ്മാരം, ഭ്രാന്ത് എന്നീ പ്രകാരമുള്ള മാറാരോഗങ്ങളും ചെലവുകളൊന്നും കൂടാതെ വളരെ ലളിതമായ രീതിയിൽ മാറ്റിക്കൊടുക്കുമായിരുന്നു. അതോടെ അദ്ദേഹം വലിയ മന്ത്രവാദിയാണന്നുള്ള പ്രസിദ്ധി നാനാനിക്കുകളിലും വ്യാപിച്ചു. അദ്ദേഹത്തെ ജനങ്ങൾ കടമ്മറ്റത്തു കത്തനാരെന്നും കടമറ്റത്തച്ചനെന്നും ആദരവോടെ വിളിക്കുവാൻ തുടങ്ങി. കടമറ്റത്തു കത്തനാരുടെ മാന്ത്രിക പ്രവർത്തനങ്ങൾക്ക് ധാരാളം പ്രത്യേകതകൾ ഉണ്ടായിരുന്നു. അദ്ദേഹം ഹോമങ്ങളോ പൂജകളോ നടത്തിയിരുന്നില്ല. ആട്, കോഴി മുതലായ ജീവികളെ ബലി കൊടുക്കുമായിരുന്നില്ല. വസ്ത്രങ്ങളോ ദ്രവ്യമോ പാരിതോഷിതങ്ങളോ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. താനൊരു മഹാ മാന്ത്രികനാണന്ന യാതൊരു ഭാവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കടമറ്റത്തു കത്തനാരുടെ മന്ത്രവാദമെന്നുള്ള പ്രസിദ്ധി ലോകത്തിലെല്ലാം നിറഞ്ഞു കവിയുകയാൽ അനേകം ദിക്കുകളിൽനിന്നും പലരും മന്ത്രവാദം പഠിക്കാനായി അദ്ദേഹത്തിന്റെ അടുക്കൽ വന്നു ചേരുകയും എല്ലാവരെയും അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു. "കടമറ്റത്തു സമ്പ്രദായം" എന്നുള്ളത് ഇന്നും പ്രസിദ്ധമാണല്ലോ. ആ സമ്പ്രദായക്കാരായ മന്ത്രവാദികൾ ഇപ്പോഴും പല സ്ഥലങ്ങളിലുമുണ്ട്. താൻ പഠിച്ചത് ആരോടാണെന്നുള്ള വിവരം അദ്ദേഹം ആരോടും പറഞ്ഞില്ല. ഗുരുവിന്റെ അടുക്കൽവച്ചു ചെയ്ത സത്യം അദ്ദേഹം ശരിയായിട്ടുതന്നെ നിർവ്വഹിച്ചു. എങ്കിലും അദ്ദേഹം സ്വന്തം ജീവചരിത്രം ഒരു താളിയോലഗ്രന്ഥത്തിലെഴുതി സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലശേ‌ഷം ആ ഗ്രന്ഥം മൂലമാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധമായിത്തീർന്നത്. പൗലോസച്ചൻ കടമറ്റത്ത് കത്തനാര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആശ്രയമറ്റവര്‍ക്ക് ആശ്രയമാകുന്നിടമാണ് കടമറ്റം പള്ളി. "കടമറ്റം സമ്പ്രദായം" എന്ന പേരില്‍ ഒരു വഴിപാടും നിലനിന്നു പോരുന്നു. കടമറ്റത്തു കത്തനാരായ പൗലോസച്ചൻറെ ഭൗതീക ശരീരം കടമറ്റം വലിയ പള്ളിയുടെ ഉള്ളില്‍ വടക്കുവശത്ത് കബറടക്കിയിരിക്കുന്നു. വലിയ പളളിയിൽ നിന്ന് 150 മീറ്റർ ദൂരെ മാറി വടക്ക് കിഴക്ക് ദിശയിലാണ് പോയേടം പള്ളി സ്ഥിതി ചെയ്യുന്നത്. പോയേടം പള്ളിയോട് ചേർന്ന് വടക്കു ഭാഗത്തായി 'പോയേടം കിണറും' സ്ഥിതി ചെയ്യുന്നു. 

പനയന്നാര്‍ക്കാവിലെ യക്ഷി

 കടമറ്റത്ത് കത്തനാരുടെ കഥകളിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പരാമര്‍ശിക്കുന്ന പനയന്നാര്‍ക്കാവിലെ യക്ഷി എന്ന പേര് കേള്‍ക്കാത്തവര്‍ കുറവാണ്. അത്രയധികം പ്രശസ്തിയാര്‍ജിച്ചതാണ് പനയന്നാര്‍ക്കാവിലെ യക്ഷിയുടെ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്നതനുസരിച്ച് കള്ളിയങ്കാട്ട് നീലിയെ കടമറ്റത്തു കത്തനാർ തളച്ച് കുടിയിരുത്തിയത് പരുമലയിലെ പനയന്നാർകാവിലാണെന്നാണ് വിശ്വാസം..കാലങ്ങളോളം കള്ളിയങ്കാടിനെ വിറപ്പിച്ച നീലിയെ പല മാന്ത്രികമാരും തളയ്ക്കാൻ ശ്രമിച്ചുവെങ്കിലും അവരെല്ലാം പരാജയപ്പെടുകയാണുണ്ടായത്.. ഒടുവിൽ മഹാമാന്ത്രികനായ കടമറ്റത്തു കത്തനാർ അതിൽ വിജയിച്ചു.. ഉഗ്രരൂപിണിയായ നീലിയെ ബന്ധിച്ച് സുന്ദരിയായ ഒരു പെൺകുട്ടിയാക്കി മാറ്റിയ ശേഷം കായംകുളം കൃഷ്ണപുരത്തിനു സമീപത്തുള്ള ഒരു വല്ല്യമ്മയുടെ വീട്ടിൽ വാല്യക്കാരിയാക്കി നിർത്തി..! മുട്ടറ്റം വരെ മുടിയുള്ള വെള്ളാരം കണ്ണുകളുള്ള സുന്ദരിയുടെ തലമുടി കോതിയൊതുക്കിക്കൊണ്ടിരുന്ന വല്ല്യമ്മയുടെ കൈയ്യിൽ എന്തോ തടഞ്ഞു.. ആകാംക്ഷയോടെ അതു വലിച്ചൂരിയ വല്ല്യമ്മയെ ഭയപ്പെടുത്തിക്കൊണ്ട് ബന്ധിക്കപ്പെട്ട യക്ഷി മോചിതയായി.. അവിടെ നിന്നും രക്ഷപ്പെട്ട യക്ഷി മാന്നാർ വഴി പരുമലയെത്തുകയും ഇന്നത്തെ പനയന്നാർകാവ്‌ ക്ഷേത്രമിരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു കരിമ്പനയുടെ മുകളിൽ കയറി ഒളിച്ചിരിക്കുകയും ചെയ്തു.. യക്ഷിയെ പിന്തുടർന്നെത്തിയ കത്തനാർ ആ പനയിൽത്തന്നെ അവളെ തളച്ചുവെന്നുമാണ് കഥകൾ..!! പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി. ആ യക്ഷി പകൽസമയത്തും സർവ്വാംഗസുന്ദരിയും യുവതിയുമായ ഒരു വേശ്യസ്ത്രീയുടെ വേ‌ഷം ധരിച്ച് ആ വഴിയിൽച്ചെന്നു നിൽക്കും. അ വഴിയേ പോക്കുന്നവരോട് ആദ്യംതന്നെ "ഒരിക്കൽ മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു സസ്മിതം ചോദിക്കും. ചുണ്ണാമ്പു കൊടുത്തു കഴിയുമ്പോൾ നർമ്മസല്ലാപം തുടരും. അവളുടെ വാക്കു കേട്ടാൽ മയങ്ങിപ്പോകാത്തവരില്ലായിരുന്നു. അതിനാൽ അവൾ പറഞ്ഞു മയക്കി ഓരോരുത്തരെയും കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. കാട്ടിൽചെന്നാലുടനെ പിടിച്ചു കടിച്ചുകീറി ചോര കുടിക്കുകയും നഖവും ശിഖയുമല്ലാത്തതെല്ലാം ഭക്ഷിക്കുകയും ചെയ്യു. ഇതായിരുന്നു അവളുടെ പതിവ്. ഇങ്ങനെ അവൾ അനേകമാളുകളെ ഭക്ഷിച്ചു. ഇതറിഞ്ഞു ജനങ്ങൾ അതിലേ നടക്കാതായി. അപ്പോൾ ആ യക്ഷി രാത്രികാലങ്ങളിൽ കുടിയിടയിൽ കടന്നും മനു‌ഷ്യരെ പിടിച്ചു ഭക്ഷിച്ചുതുടങ്ങി. അതിനാൽ ജനങ്ങൾ ഏതുവിധവും ഈ യക്ഷിയെ ഇവിടെനിന്ന് ഒഴിച്ചുവിടണമെന്നു വിചാരിച്ച് അനേകം മന്ത്രവാദികളെ വരുത്തി പല വിദ്യകൾ ചെയ്യിച്ചു. അതൊന്നുകൊണ്ടും യതൊരു ഫലവുമുണ്ടായില്ല. ഒടുക്കം ചിലർ കടമറ്റത്തു ചെന്നു കത്തനാരെ കണ്ടു വിവരം പറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. കത്തനാർ ആ സ്ഥലത്തു ചെന്നപ്പോഴും യക്ഷി മേൽപറഞ്ഞ വേ‌ഷത്തിൽ വഴിയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെന്നപ്പോൾ യക്ഷി പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്, "ഒന്നു മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു ചോദിച്ചു. അതുകേട്ടു കത്തനാർ സന്തോ‌ഷത്തോടുകൂടി "തരാമല്ലോ" എന്നു പറഞ്ഞിട്ടു കുറച്ചു ചുണ്ണാമ്പെടുത്ത് ഒരിരുമ്പാണിമേൽ വച്ചു നീട്ടിക്കൊടുത്തു. അതു മേടിക്കാൻ യക്ഷി സ്വല്പം മടിച്ചു. ഏങ്കിലും മേടിച്ചു. അതോടുകൂടി യക്ഷി കത്തനാരുടെ ബന്ധനത്തിലകപ്പെടുകയും അവൾക്ക് ഒന്നിനും ശക്തിയില്ലാതായിത്തീരുകയും ചെയ്തു. ചുണ്ണാമ്പോടുകൂടി ആ ഇരുമ്പാണി കൈയിൽ കൊടുത്തു എന്നാണ് യക്ഷിക്കു തോന്നിയത്. എന്നാൽ കത്തനാർ ഒരു മന്ത്രം ജപിച്ച് ആ ആണി അവളുടെ ശിരസ്സിൽ തറയ്ക്കുകയാണ് ചെയ്തത്. ആ വാസ്തവവും യക്ഷി അറിഞ്ഞില്ല. ചുണ്ണാമ്പ് കൊടുത്തിട്ട് ഉടനെ കത്തനാർ നടന്നുതുടങ്ങി. ഒരു ദാസിയെപ്പോലെ യക്ഷിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. അങ്ങനെ നടന്നും ഇടയ്ക്ക് ചില സ്ഥലങ്ങളിലും താമസിച്ചും നാലഞ്ചു ദിവസംകൊണ്ട് അവർ കായംകുളത്തു വന്നു ചേർന്നു. അവിടെ കത്തനാർക്കു പരിചയമുള്ള ഒരു വീടുണ്ടായിരുന്നതിനാൽ അദ്ദേഹം അവിടെ കയറി. യക്ഷിയും കൂടെത്തന്നെ ഉണ്ടായിരുന്നു. ആ വീട് കത്തനാരുടെ മാതുലന്റേതായിരുന്നുവത്ര. അവിടെ അക്കാലത്തു കത്തനാരുടെ മാതുലിയും വയോവൃദ്ധയും വിധവയുമായ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിധവ യക്ഷിയെ കണ്ടിട്ട് "ഇവളേതാണ്" എന്നു ചോദിച്ചു. കത്തനാർ: ഇവളെ ഇപ്പോൾ ഞാനെന്റെ ദാസിയാക്കിയിരിക്കുകയാണ്, എന്താ ചോദിച്ചത്? വൃദ്ധ: എനിക്കു സഹായത്തിന് ഇവിടെ ഒരു പെണ്ണുണ്ടായാൽ കൊള്ളാമെന്നുണ്ട്. ഇവിടെ ഞാൻമാത്രമല്ലേയുള്ളൂ? അതാണ് ചോദിച്ചത്. കത്തനാർ: ഓഹോ, വിരോധമില്ല. വേണമെങ്കിൽ ഇവളെ ഇവിടെ താമസിപ്പിച്ചേക്കാം. ഇതുകേട്ടു വൃദ്ധയ്ക്കു വളരെ സന്തോ‌ഷമായി. അവർ ആ യക്ഷിയെ തന്റെ പുത്രിയെപ്പോലെ വാൽസല്യപൂർവം സ്വീകരിച്ചു. ഉടനെ കത്തനാർ കുളിക്കാൻ പോയി. യക്ഷിയും വൃദ്ധയും കുടി ഭക്ഷണത്തിനെല്ലാം കാലമാക്കി. കത്തനാർ കുളിയും ഊണും കഴിഞ്ഞു സ്വല്പമൊന്നു കിടന്നു. വൃദ്ധയും യക്ഷിയും ഊണു കഴിഞ്ഞ് ഓരോ വർത്തമാനങ്ങളും പറഞ്ഞ് അവിടെ വേറൊരു മുറിയിലിരുന്നു. ആ സമയം വാൽസല്യത്തോടുകൂടി അവർ, യക്ഷിയുടെ തലമുടി ഭംഗിയായി കെട്ടിക്കുന്നതിനായി ചീർപ്പെടുത്തു ചീകി. അപ്പോൾ എന്തോ തടഞ്ഞതായി തോന്നുകയാൽ അവർ സൂക്ഷിച്ചു നോക്കുകയും യക്ഷിയുടെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നതായി കാണുകയും ചെയ്തു. ഉടനെ വൃദ്ധ, "അയ്യോ മകളെ, ഇതാ നിന്റെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നു. ഇതെങ്ങനെ വന്നു? കഷ്ടംതന്നെ" എന്നു പറഞ്ഞ് ആ ആണി വലിച്ചൂരി. തൽക്ഷണം യക്ഷി പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും അദൃശ്യമായി ഭവിക്കുകയും ചെയ്തു. വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് അടുക്കൽ ഇരുന്നിരുന്നവൾ പെട്ടെന്ന് അദൃശ്യയായിത്തീർന്നപ്പോൾ വൃദ്ധ വല്ലാതെ പരിഭ്രമിച്ചു കത്തനാരുടെ അടുക്കൽചെന്നു വിവരം പറഞ്ഞു. തലയിൽ തറച്ചിരുന്ന ആണി ഊരിക്കളഞ്ഞു എന്നു കേട്ടപ്പോൾ, എന്നാൽ കാര്യം തെറ്റി എന്നു പറഞ്ഞിട്ട് കത്തനാരും പിന്നാലെ പുറപ്പെട്ടു. ചില ലക്ഷണങ്ങൾകൊണ്ട് യക്ഷി വടക്കോട്ടാണ് പോയതെന്നറിഞ്ഞു കത്തനാരും വടക്കോട്ടുതന്നനടന്നു. കുറച്ചുദൂരം ചെന്നപ്പോൾ യക്ഷി അതിവേഗത്തിൽ നടന്നുപോകുന്നതു കത്തനാർ കണ്ടു. കൂടെ എത്തണമെന്നു വിചാരിച്ചു കത്തനാരും ക്ഷണത്തിൽ നടന്നു. രണ്ടുപേരും മാന്നാറിൽ വന്നു ചേർന്നു. കത്തനാർ ആറ്റുകടവിലെത്തിയപ്പോഴേക്കും കടത്തുകാരൻ യക്ഷിയെ ഒരു തോണിയിൽ കയറ്റി "പനയന്നാർകാവിൽ" ക്കടവിലിറക്കിക്കഴിഞ്ഞു. കത്തനാർക്കു പിന്നാലെ എത്തുന്നതിനു തൽക്കാലമവിടെ വേറെ വള്ളമില്ലായിരുന്നു. വള്ളം കിട്ടീട്ട് അതിൽക്കയറി അക്കരെച്ചെലുമ്പോഴേക്കും യക്ഷി അവിടെനിന്നു പൊയ്ക്കളഞ്ഞെങ്കിലോ എന്നു വിചാരിച്ച് കത്തനാർ അവിടെനിന്നുകൊണ്ട് യക്ഷിക്ക് അവിടെനിന്നു പോകാൻ പാടില്ലാത്ത വിധത്തിൽ ഒരു വിദ്യ പ്രയോഗിച്ചു. പിന്നെ അദ്ദേഹം ഒരു വാഴയിൽനിന്നുഒരു തൂശനില മുറിച്ചെടുത്തു വെള്ളത്തിലിട്ട് അതിൽക്കയറി തുഴഞ്ഞ് അക്കരെയിറങ്ങി യക്ഷിയുടെ അടുക്കൽചെന്ന്, "നീ എവിടെപ്പോകുന്നു" നിന്നെ ഞാൻവിട്ടയയ്ക്കുകയില്ല. ജനങ്ങൾക്കു യാതൊരു ഉപദ്രവവും ചെയ്യാതെ ഇവിടെ ഇരുന്നുകൊള്ളമെങ്കിൽ ഞാനങ്ങനെ അനുവദിക്കാം.അല്ലാത്തപക്ഷം നിന്നെ ഞാൻഅറുത്തു ഹോമിക്കും. ഏതാണ് നിനക്കു സമ്മതമെന്നു പറയുക" എന്നു പറഞ്ഞു. അതുകേട്ട് യക്ഷി, " ഞാൻ ആരെയും ഉപദ്രവിക്കാതെ ഇനിയെന്നും ഇവിടെ ഇരുന്നുകൊള്ളാം. എന്നെ സംഹരിക്കരുതെന്നു ഞാനപേക്ഷിക്കുന്നു" എന്നു പറഞ്ഞു. "ഇവിടെ ഇരുന്നുകൊള്ളാമെങ്കിൽ അങ്ങനെ സത്യം ചെയ്യുക" എന്നു കത്തനാർ പറയുകയും യക്ഷി അപ്രകാരം സത്യം ചെയുകയും ചെയ്തു. അന്നുമുതൽ ആ യക്ഷി അവിടെത്തന്നെ താമസമായി.


Horror Stories, Malayalam Horror Stories, yakshi kadhakal, prethakadhakal, Bedtime stories, Romance Horror, Funny Horror, Witch Stories, Kerala Black magic, Spirit true, soul, astral projection

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ