ഒരു രക്ത വൃത്തത്തിനു നടുവിൽ രാഘവന്റെ ജ‍ഡം, നെഞ്ചിനു മുകളിൽ?

തുപ്പൽ തൊട്ടു വശങ്ങളിൽ തേച്ചശേഷം ചേർത്തൊട്ടിച്ച ബുക്കിന്റെ താൾ, ഗേറ്റിൽ പിടിപ്പിച്ചിരുന്ന ലെറ്റർ ബോക്സിലേക്കിട്ടശേഷം, അഴികൾക്കിടയിലൂടെ കാണാനയാളൊരു വിഫല ശ്രമം നടത്തി. കാഴ്ച മറച്ചു വലിയ ഗേറ്റ് ഉയർന്നുയർന്നു പോയിരിക്കുന്നു. ഗേറ്റിനരികിലെ കിളി വാതിലിലൂടെ പക്ഷി നോക്കുന്നതുപോലെ ഒരു ഗൂർഖ എത്തി നോക്കി മുരണ്ടു..അരേ ബുദ്ദൂ....ജാ. വേഗം നടന്നതിനാൽ ബാക്കി പറഞ്ഞതു കേൾക്കാനായില്ല. Photo by Matt Hatchett from Pexels മുരുകന്റ ചിത്രമുള്ള, തമിഴ് എഴുത്തുകളുള്ള ഒരു തുണി സഞ്ചിയുമായി അയാള്‍ വെയിലിനെ കൂസാതെ ചുട്ടുപൊള്ളുന്ന റോഡിലേക്കിറങ്ങി. വെയിലിന്റെ തീക്ഷ്ണതിയിൽനിന്നും മുറ്റത്തെ ഊഷ്മളതയിലേക്കെത്തിയയാൾ മുഖത്തെ വിയർപ്പൊപ്പി. തന്റെ ചെരുപ്പൂരിയിട്ടുശേഷം, ശബ്ദിക്കുന്ന കസേരയിലേക്കമർന്നിരുന്നു. ഇരുളും വെളിച്ചവും കെട്ടുപിണഞ്ഞു കിടക്കുന്ന പഴകി നിറം മങ്ങിയ ഭിത്തിയലമാരയിൽ നിരവധി മെഡലുകൾ. ചുക്കിലി കയറിയ ഒരു പൊലീസ് തൊപ്പി ഒരു വശം ചെരിഞ്ഞു കിടക്കുന്നു. ഭിത്തിയിൽ കാക്കി നിക്കറിട്ടു നിൽക്കുന്ന പൊലീസുകാരുടെ ഒരു ഗ്രൂപ്പ് ചിത്രം. പിണച്ചു വച്ച കാലിനു മുകളിലേക്കു പത്രമെടുത്തു വച്ച് രാഘവൻ തന്റെ മുടങ്ങിയ വായന പുനരാരംഭിച്ചു. ........... രണ്ടോ മൂന്നോ തവണ ബെല്ലടിച്ചു അവസാനിച്ചതിനുശേഷമാണ് ഷിഹാബുദ്ദീൻ ഫോണെടുത്തത്. ചെറിയ സ്റ്റേഷനായതുകൊണ്ടു കാര്യമായ പണിയൊന്നും ഉണ്ടാവാറില്ല, പുലർകാലെ ഇങ്ങനെ ഫോൺ വരുന്നതുതന്നെ അപൂർവം. അതിനാൽത്തന്നെ അൽപം അമ്പരപ്പോടെ അയാൾ റിസീവർ ചെവിയോടടുപ്പിച്ചു. ങേ...അയാൾ ഫോൺ വച്ചശേഷം എസ്ഐയുടെ നമ്പർ ഡയൽ ചെയ്തു. നേർത്ത കോട മഞ്ഞിനോടു മത്സരിക്കാനെന്നവണ്ണം പുകതുപ്പി ഒരു പൊലീസ് ജീപ്പ് വെള്ളിവെളിച്ചം പരന്ന റോഡിലൂടെ നീങ്ങി. പൊലീസ് ജീപ്പിന്റെ വരവു കണ്ടു കൂട്ടംകൂടി നിന്നവർ പതിയെ അപ്രത്യക്ഷരായി. പഞ്ചായത്തു പ്രസിഡന്റ് അടുത്തേക്കു വന്നു. സർ അവിടെയാണ്. എസ് ഐ മനുവും സംഘവും വീടിനു പുറകിലേക്കു നടന്നു. വിശാലമായ പുരയിടത്തിനു പുറകിലായുള്ള ചെറിയ തോടിനു സമീപം ഒരു രക്ത വൃത്തത്തിനു നടുവിൽ രാഘവന്റെ ജ‍ഡം. നെഞ്ചിനു മുകളിൽ എന്തോ ഒരു വസ്തു ആഴ്ന്നിറങ്ങിയിരിക്കുന്നു. മനു ചുറ്റും നടന്നു പരിശോധിച്ചു. പിന്നിലൂടെ ചെറിയൊരു തോടൊഴുകുന്നു. ആരാണ് ഇയാൾ. പഞ്ചായത്ത് മെമ്പറാണ് മറുപടി പറഞ്ഞത്. സാർ ഒരു പഴയ പൊലീസുകാരനാണ് . ഇപ്പോൾ ആരും കൂടെയില്ല, ഒറ്റയ്ക്കാണ് താമസം. രാവിലെ പുല്ലുചെത്താൻ അക്കരെയെത്തിയവരാണ് മൃതദേഹം കണ്ടത്. അവർ ചുറ്റിക്കറങ്ങി റോഡിലൂടെ വീട്ടിലെത്തി വിവരം പറഞ്ഞു. ഞാനാണ് ഫോൺ ചെയ്തത്. ഇയാൾ ആളെങ്ങനാരുന്നു. പരിസരവാസികളുമായി അത്ര നല്ല ബന്ധമല്ല. പറമ്പിലേക്ക് ഒരു പക്ഷി പോലും കയറാൻ സമ്മതിക്കില്ല . ചെറിയ പുല്ലുകൾ വളർന്നു നിൽക്കുന്ന ചതുപ്പു പ്രദേശം. രാഘവന്റെ കാൽപാടുകൾ അവിടെ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. പരിസരത്തെങ്ങും മറ്റൊരു അടയാളവുമില്ല. ആരും അയാളെ സമീപിച്ച ഒരു ലക്ഷണവുമില്ല. തലേന്നു പെയ്ത മഴയിൽ രക്തം ഒഴുകി അയാളുടെ കാൽപ്പാടുകളുടെ കുഴികൾ നിറഞ്ഞിരിക്കുന്നു. മനു നിലം ചവിട്ടി ഉറപ്പുള്ളതാണോയെന്നു നോക്കി സമീപത്തെ തോടിനടുത്തേക്കു നടന്നു. തോടിനു കുറുകെ ഒരു മരം വീണു കിടക്കുന്നു. മറ്റൊരു മരത്തില്‍ തങ്ങി നിന്നതിനാൽ അതു താഴേക്കു വീണിട്ടില്ല. മരച്ചുവട്ടിലെ കുറച്ചു ഭാഗത്തെ നനവു നഷ്ടപ്പെട്ട ഇടത്തേക്കു മനു നോക്കി. അവിടെ എന്തോ കിടന്നിരിക്കണം. കല്ലോ മറ്റോ..നായയുമായി സംഘമെത്തുന്നതിനായി കാത്തിരിക്കുന്നതിനിടെ വീടിനകത്തു പൊലീസ് പരിശോധന നടത്തി. മുറികളെല്ലാം ചെളിയും പൊടിയും നിറ‍ഞ്ഞിരുന്നു. അട്ടിയായി വച്ചിരുന്നു പത്രങ്ങൾ മാത്രമായിരുന്നു താളം തെറ്റാതെ വീട്ടിലുണ്ടായിരുന്നത്. പൊടിപിടിച്ച റാക്കുകളിൽ അടുക്കി വച്ചിരുന്ന പുസ്തകങ്ങളൊക്കെ വാരി വലിച്ചിട്ടിരുന്നു. ഓരോന്നെടുത്തു അടുക്കി വച്ചുകൊണ്ട് മനു അതൊക്കെ പരിശോധിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...