ഭൂതപ്രേതാദികളുള്ള ആ കാട്ടിലേക്കയാൾ തിരികെ എത്തി; രണ്ടും കൽപ്പിച്ച്-horror story 1

 


കൊടും വനം, ചുറ്റും ചീവീടുകളുടെ അലർച്ച. തന്റെ ദുർഗതി ഓര്‍ത്ത് വിമ്മിക്കരഞ്ഞു അയാളിരുന്നു. ഏതാനും മണിക്കൂറുകള്‍ അല്ലെങ്കിൽ നിമിഷം ആ സത്വം എത്തിച്ചേരും. അയാൾ തന്റെ പൊന്നുമകളുടെയും മകന്റെയും മുഖമോർത്തു. കൈകളിൽ മുഖം താഴ്ത്തി കരഞ്ഞു. അയാൾ തന്റെ അടുത്തിരിക്കുന്ന സഹയാത്രികരായി ഷെയ്ഖുകളുടെ നേരേ നോക്കി, അയാൾ പൊട്ടിക്കരയുന്നതുകണ്ട് ആശ്വസിപ്പിക്കാനെത്തിയതായിരുന്നവർ. ഒരു ഷേയ്ഖ് ഒരു കലമാനിനേയും പിടിച്ചുകൊണ്ടാണ് വന്നിരുന്നത്. മറ്റൊരു ഷേയ്ഖിന്റെ കൈയില്‍ രണ്ടു നായകളുണ്ടായിരുന്നു. മൂന്നാമത്തെ ഷേയ്ഖിന്റെ കൂടെയുണ്ടായിരുന്നത് ഒരു കോവര്‍കഴുതയായിരുന്നു.

( ആകാംക്ഷയോടെ തന്നെ നോക്കി കഥ കേട്ടിരിക്കുന്ന ദുന്യാസാദിനെ ഷഹ്റാസാദ് നോക്കി. അവളുടെ കണ്ണുകളിൽ കൗതുകവും ഭയമുണ്ട്. അന്തപുരത്തിന്റെ സിംഹാസനത്തിൽ കൊടുംകൈയ്യും കുത്തി കിടക്കുന്ന ഷഹ്റിയാറിനെ അവൾ ഇടംകണ്ണാൽ നോക്കി, കൈയ്യകലത്തിൽ ഖഡ്ഗം ഇരിക്കുന്നു. കഥ അരസികമായാൽ ശിരസ്സറ്റു വീഴും .ദൈവേച്ഛയുണ്ടായാൽ ഒരുപാട് പെൺകുട്ടികളുടെ ജീവൻ രക്ഷപ്പെടും. വേഴ്ചയ്ക്കു ശേഷം നിത്യവും ഓരോ കന്യകകളെ നിർദാക്ഷിണ്യം കൊലപ്പെടുത്തുന്ന, ആ ഷെഹരിയാർ സുൽത്താന്റെ കണ്ണുകളിലും ഒരു കുട്ടിയുടെ ആകാംക്ഷ. അവൾ കഥ തുടർന്നു)–

കഴിഞ്ഞ ദിവസം ഈ കാട്ടിലൂടെ നടത്തിയ യാത്രയ്ക്കിടെ താൻ തിന്ന് താഴേക്കിട്ട ഈത്തപ്പഴക്കുരു വീണാണത്രെ ഭൂതത്തിന്റെ മകൻ കാലപുരി പൂകിയത്.
അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ സ്വത്തെല്ലാം അവകാശികള്‍ക്കെഴുതിവെച്ചു സ്വന്തക്കാരോടും ബന്ധുക്കളോടും യാത്രപറഞ്ഞ് ഭൂതത്തിനോടുള്ള വാഗ്ദാനം അനുസരിച്ച് തിരിച്ചെത്തിയിരിക്കുകയാണ്.

പെട്ടെന്ന് ഒരു മിന്നൽപിണരുണ്ടായി, ചുവന്ന നാവ് നീട്ടി ആ ഭൂതം പ്രത്യക്ഷനായി. കൊല്ലും നിന്നെ ഞാന്‍. നീയെന്റെ കുഞ്ഞിനെ കൊന്നു–ഭൂതം ഇരമ്പിയലറുകയാണ്
നീ തിരിച്ചെത്തിയത് നന്നായി. ഷേയ്ഖുകളിലൊരുവന്‍ ധൈര്യം സംഭരിച്ചു ഭൂതത്തോടു പറഞ്ഞു: ''അല്ലയോ, മഹാനായ ഭൂതമേ, എന്റെ കൈവശമിരിക്കുന്ന ഈ കലമാനിന്റെ രസകരമായ കഥ ഞാന്‍ അങ്ങയെ കേള്‍പ്പിക്കാം. ഈ കച്ചവടക്കാരന്റെ രക്തത്തില്‍ ഒരുഭാഗം എനിക്കു തന്നാലും 
ഭൂതത്തിന്റെ ക്രോധം അൽപ്പമൊന്നടങ്ങി: ഓഹോ അത്ര വിചിത്രമായ കഥയാണെങ്കില്‍, ആവശ്യപ്പെട്ടപോലെ ഞാന്‍ അവന്റെ രക്തത്തില്‍ ഒരു പങ്കു നിനക്കു തരാം

ഷേയ്ഖ് കഥ പറയാന്‍ തുടങ്ങി:

ഞാന്‍ വിവാഹിതനായി. സുഖമായി കുറേക്കാലം കഴിഞ്ഞു. എന്നാല്‍ എനിക്ക് ഒരു കുഞ്ഞിനെ നല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഞാന്‍ ഒരു അടിമപ്പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അവളില്‍ എനിക്ക് ഒരു പുത്രനുണ്ടായി. ഞാൻ വീണ്ടും സന്തോഷവാനായി. ഒരിക്കല്‍ കച്ചവടസംബന്ധമായി ദൂരെ ദേശങ്ങളിൽ പോയ ഞാൻ തിരിച്ചുവന്നപ്പോള്‍ കേട്ട വാര്‍ത്ത ദാരുണമായിരുന്നു. എന്റെ കുഞ്ഞും അവന്റെ അമ്മയായ രണ്ടാം ഭാര്യയും മരിച്ചുപോയെന്ന് ആദ്യഭാര്യ എന്നെ അറിയിച്ചു. എനിക്ക് 
ആ വിഷമം കുറേക്കാലം ഉണ്ടായിരുന്നു. ഒരുദിവസം അറുക്കാനായി എന്റെ കാലികളിൽ ഒന്നിനെ കൊണ്ടുവരാന്‍ ഭാര്യയെ ഏൽപ്പിച്ചു. എന്റെ ഭാര്യ നല്ല തടിച്ച ഒരെണ്ണത്തെ തെരഞ്ഞെടുത്തു കൊടുത്തയച്ചു. പക്ഷേ അത് എന്നെ കണ്ടപ്പോഴേക്കും ഒച്ചയെടുക്കാനും ബഹളംകൂട്ടാനും തുടങ്ങി. അതു വകവെയ്ക്കാതെ ഞാനതിനെ വെട്ടി. അത്ഭുതമെന്നു പറയട്ടെ, അതിൽനിന്നു മാംസമോ രക്തമോ അതില്‍നിന്നു കിട്ടിയില്ല. കുറെ എല്ലും തോലും മാത്രമാണു ലഭിച്ചത്. വീണ്ടും ഒരു മാടിനെ കൊണ്ടുവരാന്‍ പറഞ്ഞു.

അവള്‍ നല്ല തടിച്ച ഒരു മാടിനെ കൊടുത്തയച്ചു. അതും എന്നെ കണ്ടപ്പോള്‍ ദീനദീനമായി നിലവിളിക്കാന്‍ തുടങ്ങി. ആ ക്ടാവിൽ അനുകമ്പ തോന്നിയ ഞാന്‍ അതിനെ കാലികളെ നോക്കിയിരുന്നവനു സമ്മാനമായി കൊടുത്തു. പിറ്റേദിവസം അയാള്‍ ക്ടാവിനെയും കൊണ്ടു തിരിച്ചുവന്നു: 'യജമാനനേ, എന്റെ പുത്രി പറയുന്നു ഇതു പശുക്കുട്ടിയല്ലെന്ന്. ഞാനിതിനെ കൊണ്ടുചെന്നപ്പോള്‍ അവള്‍ ചോദിച്ചു. അച്ഛനെന്തിനാ ഈ യുവാവിനെ എനിക്കു കൊണ്ടുവന്നു തന്നത് എന്നാണ്.

അവളുടെ അഭിപ്രായത്തില്‍ ഇത് അങ്ങയുടെ മകനാണ്; നേരത്തേ കൊന്ന മാടാണെങ്കിൽ അങ്ങയുടെ കാണാതായ ഭാര്യയും. അങ്ങയുടെ ആദ്യഭാര്യ മന്ത്രവാദിയായിരിക്കും. അവര്‍ ചെയ്ത പണിയാണിത്.' ഇതു കേട്ടു ഷേയ്ഖ് ദുഖിതനം കോപാകുലനുമായി. വീട്ടിലേക്കു പാഞ്ഞു. മകനെ എങ്ങനെയെങ്കിലും പഴയരൂപത്തിലാക്കി തനിക്കു നല്കണമെന്നു കാലിയെ നോക്കുന്നയാളുടെ പുത്രിയോടഭ്യര്‍ഥിച്ചു.

അവള്‍ രണ്ടു വാഗ്ദാനങ്ങൾ ആവശ്യപ്പെട്ടു. ഷേയ്ഖിന്റെ മകനെക്കൊണ്ട് അവളെ വിവാഹംചെയ്യിക്കണം മന്ത്രവാദിനിയാ ഷേയ്ഖിന്റെ ഭാര്യയെ തനിക്കിഷ്ടമുള്ള രൂപത്തിലാക്കാന്‍ അനുവദിക്കണം. ഷേയ്ഖ് സമ്മതിച്ചു. അങ്ങനെ രൂപം മാറിയ ആദ്യഭാര്യയാണ്, എന്റെകൂടെയുള്ള കലമാന്‍.
ഭൂതത്തിനു കഥ വളരെ ഇഷ്ടമായി. കച്ചവടക്കാരന്റെ രക്തത്തില്‍ ഒരുഭാഗം നല്കാമെന്നു സമ്മതിച്ചു.

രണ്ടാമത്തെ ഷേയ്ഖും ഭൂതത്തോടു സംസാരിച്ചു–എന്റെ പക്കലുള്ള നായക്കുട്ടികളെക്കുറിച്ചുകഥ പറയാം. അങ്ങേയ്ക്കു രസിക്കും പക്ഷേ, കച്ചവടക്കാരന്റെ രക്തത്തില്‍ ഒരുപങ്ക് എനിക്കു അവകാശപ്പെട്ടതാണ് ,ഭൂതം സമ്മതിച്ചു. ഷേയ്ഖ് കഥ തുടങ്ങി: ''ഞങ്ങള്‍ മൂന്നു സഹോദരന്മാരായിരുന്നു. അച്ഛന്‍ വലിയ ധനികനും അദ്ദേഹം മരിച്ചപ്പോള്‍ സ്വത്തു മൂന്നായി ഞങ്ങള്‍ പങ്കിട്ടു. ഓരോരുത്തരും അവരുടെ പങ്കുകൊണ്ടു കച്ചവടം തുടങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ അതില്‍ ഒരു സഹോദരനു പുറംരാജ്യങ്ങളില്‍ പോയി കച്ചവടത്തിനു ആഗ്രഹമായി.

രണ്ടു സഹോദരന്മാരും രാജ്യം വിട്ടു. ഭാഗ്യദേവത അവരെ കടാക്ഷിച്ചില്ല. വെറുംകൈയോടെ മടങ്ങേണ്ടിവന്നു. സഹോദരന്മാരുടെ സ്ഥിതിയില്‍ അലിവുതോന്നിയ ഞാന്‍ എന്റെ ആദായം മൂന്നായി പങ്കിട്ടു ജീവിക്കാമെന്നു വാഗ്ദാനം ചെയ്തു. അങ്ങനെ ഞങ്ങളുടെ കച്ചവടം ഒരുവിധം നന്നായി നടക്കുകയായിരുന്നു. ഒരുദിവസം ഞങ്ങളെല്ലാവരുംകൂടി ഒരു കപ്പലില്‍ യാത്രപുറപ്പെട്ടു. കപ്പലിൽ പ്രത്യക്ഷപ്പെട്ട മുഷിഞ്ഞു കീറിയ വസ്ത്രങ്ങള്‍ ധരിച്ച ഒരു യുവതിഅവളേയുംകൂടി എന്റെകൂടെ കൊണ്ടുപോകണമെന്ന് അപേക്ഷിച്ചു. അവളോടു അലിവു തോന്നിയ ഞാന്‍ സമ്മതിച്ചു.

ഞാന്‍ നല്ല വസ്ത്രങ്ങളും ഭക്ഷണവും കൊടുത്തു. പക്ഷേ വസ്ത്രം അണിഞ്ഞു, ക്ഷീണം മാറിയ അവള്‍ ഒരു രാജകുമാരിയെപ്പോലെ ശോഭിച്ചു. അവള്‍ എന്റെ ഭാര്യയായിത്തീര്‍ന്നു. എന്റെ ഭാഗ്യത്തില്‍ അസൂയാകലുഷിതരായിരുന്ന സഹോദരന്മാര്‍ ഒരുദിവസം രാത്രി ഉറങ്ങിക്കിടന്നിരുന്ന എന്നേയും അവളേയും കടലിലേക്കെടുത്തെറിഞ്ഞു. ഞെട്ടിയുണര്‍ന്ന ഞാന്‍ കണ്ടത് അവള്‍ ഒരു വലിയ ഭൂതമായി എന്നെയും തോളിലേറ്റി പോകുന്നതാണ്. അവള്‍ എന്നെ എന്റെ വീടിന്റെ ടെറസ്സിലെത്തിച്ചു

അവള്‍ യഥാര്‍ഥത്തില്‍ ഒരു ഭൂതമായിരുന്നെന്നും എന്റെ ദയാപൂര്‍വമായ പെരുമാറ്റത്തില്‍ ആകൃഷ്ടയായിട്ടാണ് എന്നെ വിവാഹംകഴിച്ചതെന്നും പറഞ്ഞു. സഹോദരന്മാരെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞു അവള്‍ അപ്രത്യക്ഷയായി, അവരെ കൊല്ലരുതേ എന്നു ഞാന്‍ താണുവീണപേക്ഷിച്ചു. പിറ്റേദിവസം വീട്ടിലേക്കു ചെന്ന എന്നെ സ്വാഗതംചെയ്തത് ഈ രണ്ടു നായ്ക്കളായിരുന്നു. എന്നെ കണ്ട ഉടനെ ഈ നായ്ക്കള്‍ എന്റെ വസ്ത്രത്തുമ്പില്‍ പിടിച്ച് ഉറക്കെ കുരയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ എന്റെ ഭാര്യ വന്നു പറഞ്ഞു: 'അവര്‍ നിങ്ങളുടെ സഹോദരന്മാരാണ്.

എന്റെ സഹോദരി എന്നേക്കാൾ മാന്ത്രികവിദ്യയില്‍ ജ്ഞാനമുള്ളവളാണ്. അവളാണ് ഇവരെ നായയുടെ രൂപത്തിലാക്കിയത്. പത്തുകൊല്ലം കഴിയാതെ അവര്‍ക്കു ശാപമോക്ഷം കിട്ടുകയില്ല. അല്ലയോ ഭൂതമേ, ഇപ്പോള്‍ ഒരു ദശാബ്ദം കഴിഞ്ഞു. ഭാര്യാസഹോദരിയോടു വീണ്ടും ഇവരെ മനുഷ്യ സ്ഥിതിയിലാക്കിത്തരുവാന്‍ അപേക്ഷിക്കാനാണ് ഞാന്‍ കാട്ടു വഴി വന്നത്.'' ഭൂതത്തിനു കഥ ഇഷ്ടമായി വാഗ്ദാന പ്രകാരം രക്തത്തിലൊരു ഭാഗം വാഗ്ദാനം ചെയ്തു.


അപ്പോഴേക്കും മൂന്നാമത്തെ ഷേയ്ഖ് ഭൂതത്തിന്റെ മുമന്നിലെത്തി തൊഴുതു– ഈ കേട്ട കഥകളേക്കാള്‍ അത്ഭുതകരമാണ് എനിക്കു പറയാനുള്ള കഥ. പക്ഷേ, ഈ മനുഷ്യന്റെ ശേഷിച്ച രക്തം എനിക്ക് തരാമെന്ന വാഗ്ദാനം നൽകണം. ഈ കോവര്‍കഴുത എന്റെ ഭാര്യയായിരുന്നു. ഒരിക്കല്‍ ഒരുകൊല്ലത്തോളം കച്ചവടസംബന്ധമായി അന്യദേശത്തായിരുന്ന ഞാൻ തിരിച്ചെത്തിയപ്പോൾ കണ്ടത് ഇവൾ എന്റെ അടിമയോടൊന്നിച്ച് കിടക്കയില്‍ ശയിക്കുന്നതാണ്.

എന്നെ കണ്ടപ്പോള്‍ അവള്‍ ഒരുപാത്രം വെള്ളവുമായിവന്നു. മന്ത്രം ജപിച്ച് ആ വെള്ളം എന്റെ ദേഹത്തു തളിച്ച് 'നായയായിത്തീരട്ടെ' എന്നു പറഞ്ഞു. ഉടനെ ഞാന്‍ ഒരു നായയായിത്തീര്‍ന്നു. എന്നെ വീട്ടില്‍നിന്നും ഓടിച്ചു. അലഞ്ഞുതിരിഞ്ഞു ഒടുവില്‍ ഇറച്ചിക്കടയില്‍ എത്തി. അവിടെക്കിടന്നിരുന്ന എല്ലും അവശിഷ്ടങ്ങളും തിന്നാന്‍ കച്ചവടക്കാരന്‍ പിടിച്ചു വീട്ടിലേക്കു കൊണ്ടുപോയി.

കശാപ്പുശാലയുടെ ഉടമസ്ഥന്റെ മകള്‍ എന്നെ കണ്ടയുടനെ ലജ്ജിച്ച് അവളുടെ തട്ടം എടുത്തിട്ടു. അവള്‍ പിതാവിനോടു ചോദിച്ചു: ''ഇതെന്താണ് എന്റെ അടുത്തേക്ക് ഒരു പുരുഷനെ കൊണ്ടുവരുന്നത്? '' അയാള്‍ അമ്പരന്നു. അതെ പിതാവേ, ഇതൊരു മനുഷ്യനാണ്. ഇയാളെ നായയാക്കിയത് ഇയാളുടെ പത്നി തന്നെയാണ്. ഇയാളെ ഞാന്‍ രക്ഷിക്കാം.'

അവള്‍ മന്ത്രം ചൊല്ലി കുറെ വെള്ളത്തുള്ളികള്‍ തളിച്ചു. പെട്ടെന്ന് ഞാന്‍ പൂര്‍വ സ്ഥിതിയിലായി. ഞാന്‍ അവളെ വണങ്ങി. എന്റെ ദുഷ്ടയായ ഭാര്യയെ ഇതുപോലെ ശിക്ഷിക്കണമെന്ന് അപേക്ഷിച്ചു. അവള്‍ എനിക്കു മാന്ത്രിക വെള്ളം തന്ന്, ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ അവളെ ഇഷ്ടമുള്ള രൂപത്തിലാകണെം സങ്കല്പിച്ചു തളിക്കാന്‍ നിർദേശിച്ചു. അങ്ങനെ എന്റെ ഭാര്യയെ ഞാന്‍ ശിക്ഷിച്ചു കോവര്‍കഴുതയാക്കി

ഭൂതം കോവർ കഴുതയുടെ അടുത്തുചെന്നു ചോദിച്ചു. ഇതെല്ലാംശരിയാണോ? ആ കഴുത ശരിയാണെന്നുള്ള അര്‍ഥത്തില്‍ തല കുലുക്കി. ഈ കഥയും ഭൂതത്തെ രസിപ്പിച്ചു. രക്തത്തില്‍ അവശേഷിച്ച പങ്ക് അയാള്‍ക്കും നല്കി. അങ്ങനെ കച്ചവടക്കാരന്‍ പൂര്‍ണമായും ഷെയ്ഖുകളുടെ സ്വന്തമായി. അവര്‍ അയാളെ സ്വതന്ത്രനാക്കിവിട്ടു. അയാൾ അവരോടും ജഗദീശ്വരനോടും നന്ദി പറഞ്ഞു. തന്റെ കുട്ടികളെയും ഭാര്യയെയും കാണാൻ ഓടി.

Photo by Luis del Río from Pexels

Horror Stories, Malayalam Horror Stories, yakshi kadhakal, prethakadhakal, Bedtime stories, Romance Horror, Funny Horror, Witch Stories, Kerala Black magic, Spirit true, soul, astral projection

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...