തലയിൽ കത്തുന്ന തീക്കനലുമായി മറവങ്കോടു യക്ഷി–രക്തദാഹി
പാറക്കോട് വനം, പട്ടാപ്പകലും കൂരിരുൾ ചൂഴ്ന്നു നിൽക്കുന്ന വന്യഭാവം, പുലിയും ചെന്നായയും വിഹരിച്ചിരുന്ന ആ പ്രദേശത്തെ ആ വന്യമൃഗങ്ങളേക്കാളും ആളുകവെ പേടിപ്പിച്ചിരുന്ന മറ്റൊരു രൂപമാണ് – മറവങ്കോടു യക്ഷി–രക്തദാഹി. വനത്തിലൂെട യാത്ര ചെയ്യുന്നവരുടെ പൊടിപോലും മിച്ചംകിട്ടില്ല. ആ രക്തദാഹിയായ യക്ഷിയെ ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായ ദേവനാരായണൻ എന്ന ഒരു മാന്ത്രിക നെരിപ്പോടിലേക്ക് ആവാഹിച്ചു.
പക്ഷേ തലയിൽ കത്തുന്ന തീക്കനലുമായി അവൾ രക്ഷപ്പെട്ടു. ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെത്തി നരസിംഹമൂർത്തിയുടെ കോവിലിൽ നിവേദ്യപൂജ ചെയ്യുകയായിരുന്ന ദേവനാരായണനെ ഉപദ്രവിക്കാൻ തുനിഞ്ഞു. ദിഗന്തം പിളർക്കുമാറൊരു അലർച്ച ഉയർന്നു. ഹിരണ്യകശിപുവിൽനിന്നു പ്രഹ്ളാദനെ കാത്തപോലെ നരസിംഹമൂർത്തി അവളെ പാറക്കോട്ടു നിന്നും ഓടിച്ചു.
തുടർന്നു യക്ഷി മറവങ്കോട്ട് ( ഇളയിടത്ത് സ്വരീപത്തിൽ കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന മറവന്മാരായ ചില കൊള്ളക്കാരെ അധികാരമേറ്റ ശേഷം ഇളയിടത്ത് റാണി അമർച്ച ചെയ്തപ്പോൾ അവർ കാട്ടിലേക്ക് മാറി താവളമാക്കി. അങ്ങനെ മറവന്മാർ തമ്പടിച്ച മല മറവങ്കോട് എന്നറിയപ്പെട്ടു). അവിടേയ്ക്ക് എത്തിയ യക്ഷി പൂർവ്വാധികമായി ആളുകളെ ഇല്ലാതാക്കി വിഹരിച്ചു.
പേരു കേട്ട വൈദ്യനും മാന്ത്രികനുമായ വലിയത്തൂർ ഉണ്ണിത്താൻ യക്ഷിയെ തളയ്ക്കാനായി മുന്നോട്ടു വച്ചു. ആവാഹിച്ച് പ്രതിമയിൽ കാരമുള്ള് സ്ഥാപിച്ചതോടെ ഉണ്ണിത്താന് മൂത്രശങ്ക . പിന്നെയും പിന്നെയും തീരാത്ത മൂത്രശങ്ക ഓരോ തവണയുംപോകേണ്ടി വന്നതിനാൽ ഓരോ തവണയും മന്ത്രശുദ്ധി ചെയ്യേണ്ടി വന്നു. അതിനാൽ യാഗം പൂർത്തിയാക്കാൻ സാധിക്കാതെയായി.
ഈ സമയം പ്രശ്നപരിഹാരം തേടി ഉണ്ണിത്താൻ ഒരു ഓലയെഴുതി അദ്ദേഹത്തിന്റെ അടിയനായ കുഞ്ഞേല മുഖാന്തരം കരീപ്ര തിരുമേനി എന്ന മഹാമാന്ത്രികനയച്ചു. ഒടിമാനായി വേഷം മാറിയ കുഞ്ഞേല കരീപ്ര തിരുമേനിയിൽ നിന്ന് പരിഹാരം ഗ്രഹിച്ച് ക്ഷണത്തിൽ തിരികെയെത്തി. യക്ഷിയുടെ ശിരസ്സിലെ നെരിപ്പോടിൽ കാരമുള്ള് ബന്ധനം ചെയ്തതാണ് പ്രശ്നം. നെരിപ്പോട് ഒരു മന്ത്ര ബന്ധനമാണ്.
കാരമുള്ള് അവിടെ നിന്നെടുത്ത് മാറ്റിയാൽ പ്രശ്നം തീരും. തുടർന്ന് കരീപ്രതിരുമേനിയും മറവങ്കോട്ടെത്തി നരസിംഹപൂജ നടത്തി ആദ്യം ഭസ്മസഞ്ചിയിലും പിന്നീട് ഭസ്മസഞ്ചിയിലെ ബന്ധനം ഒഴിച്ച് ഒരു കരിക്കിലും എന്നെന്നേക്കുമായി ആവാഹിച്ചു.
യക്ഷിയെ ആവാഹിച്ച കരിക്ക് തൊളിച്ചിറക്കളത്തിനടുത്തുള്ള വരിക്കപ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. യക്ഷിയുടെ സാന്നിധ്യം ഉണ്ടായ ആ വരിക്കപ്ലാവ് എല്ലാക്കാലത്തും കായ്ചു തുടങ്ങി. തൊളിച്ചിറ പ്ലാവ് എന്ന ഈ പ്ലാവിലെ ചക്കയാണ് ചക്കയില്ലാക്കാലത്ത് മുറജപത്തിന് തിരുവിതാംകൂർ രാജാക്കന്മാർ ചക്ക എരിശ്ശേരി ഉണ്ടാക്കാൻ ഉപയോഗിച്ച് വന്നത്.
Photo by Vlad Bagacian from Pexels

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...