ദംഷ്ട്രങ്ങളും കടിച്ചു കണ്ണുകളുമുരുട്ടി ഒരു ഭയങ്കരസ്വരൂപം- കടത്തനാട്ട് മാക്കം - ഭാഗം -2

ഐതിഹ്യമാലയിലെ  മനോഹരമായ  ഒരു കഥ 



കടാങ്കോട്ടുതറവാട് വളരെ സമ്പന്നമായിരുന്ന്തിനാൽ അവിടെ നിന്നു ക്രമത്തിലധികമായ സമ്പാദ്യമുണ്ടാക്കാമെന്നായിരുന്നു ആ സ്ത്രീകളുടെ  വിചാരം.എന്നാൽ  മാക്കത്തിന്റെ സാമർഥ്യത്താൽ  അവരുടെ ആഗ്രഹം  പൂർണ്ണമായി സാധിച്ചിരുന്നില്ല. എന്നാൽ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണ്ടതൊക്കെ ധാരാളമായി കൊടുക്കുന്നതിനു മാക്കം അനുവദിക്കുകയും അവരുടെ ഭർത്താക്കന്മാർ അവർക്കു കൊടുക്കുകയും ചെയ്തിരുന്നു. 


ഭർത്താക്കന്മാരുടെ കാലം കഴിഞ്ഞാലും അവർക്കും അവരുടെ സന്താനങ്ങൾക്കും ഒട്ടും ബുദ്ധിമുട്ടുകൂടാതെ നിത്യവൃത്തികഴിച്ചുകൂട്ടുവാൻ തക്കവണ്ണമുള്ള മുതൽ അവർ സമ്പാദിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ സ്ത്രീകൾക്ക് അതൊന്നുകൊണ്ടും തൃപ്തിയായില്ല. 


തങ്ങൾക്ക് ആഗ്രഹത്തിനു തക്കവണ്ണമുള്ള സമ്പാദ്യമുണ്ടാകാഞ്ഞിട്ടല്ല, അളവില്ലാതെയുള്ള ധനത്തിന്മേൽ മാക്കത്തിനു അവകാശവും അധികാരവുംഎന്ന  ചിന്തയാണ്   ആ സ്ത്രീകൾക്കു സങ്കടമുണ്ടായത്. അതിനാൽ അവർ തങ്ങളുടെ ഭർത്താക്കന്മാർക്കു മാക്കത്തോട് ഏതുവിധവും വിരോധമുണ്ടാക്കിത്തീർക്കണമെന്നു നിശ്ചയിച്ചുകൊണ്ട് ആ പുരുഷന്മാരുടെ അടുക്കൽ  സദാ 'തലേണമന്ത്രം' ചൊല്ലി കൊണ്ടിരുന്നു. 


എന്നാൽ മാക്കത്തിന്റെ പന്ത്രണ്ടാമത്തെ സഹോദരനായ രാമൻനമ്പ്യാരുടെ ഭാര്യയായ 'പുരാണി' എന്ന സ്ത്രീ സുശീലയും, മറ്റവരെപ്പോലെ അത്യാഗ്രഹവും ദുഷ്ടതയും അസൂയയുമില്ലാതെ മാക്കത്തെക്കുറിച്ച് സ്നേഹവും വാത്സല്യവുമുള്ളവളുമായിരുന്നതിനാൽ അവൾ തലേണമന്ത്രം ജപിക്കാനും മറ്റും കൂടിയില്ല. ഒരു സമയം അവൾ മന്ത്രം ജപിക്കാനും മന്ത്രം പ്രയോഗിക്കാനും മറ്റും തുനിഞ്ഞിരുന്നുവെങ്കിലും അതൊന്നും രാമൻ നമ്പ്യാരുടെ അടുക്കൽ ഫലിക്കുകയുമില്ലായിരുന്നു. എന്തുകൊണ്ടെന്നാൽ രാമൻ നമ്പ്യാർക്ക് മാക്കത്തെക്കുറിച്ച് മൂത്ത സഹോദരന്മാർ പതിനൊന്ന് പേരെക്കാളധികം സ്നേഹവും വാത്സല്യവും വിശ്വാസവുമുണ്ടായിരുന്നു. 


മാക്കത്തെക്കുറിച്ച് ആരെല്ലാം എന്തെല്ലാം ഏഷണി പറഞ്ഞാലും ആ മനുഷ്യൻ ഒരിക്കലും വിശ്വസിക്കുകയില്ലായിരുന്നു. എന്നാൽ പുരാണി ഏഷണി പറയാനും മറ്റും പോകാത്തത് അതുകൊണ്ടൊന്നുമല്ലായിരുന്നു. ആ സ്ത്രീയ്ക്ക് മാക്കത്തെക്കുറിച്ച് അളവറ്റ  സ്നേഹമുണ്ടായിരുന്നതുകൊണ്ടുതന്നെയാണു്. 


ജ്യേഷ്ഠത്തിമാർ പതിനൊന്നുപേരും സദാ മാക്കത്തെ ദുഷിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടാണിരുന്നത്. എന്നാൽ പുരാണി അതു കേൾക്കുമ്പോഴൊക്കെ ജ്യേഷ്ഠത്തിമാരോട് എതിർത്തു പറഞ്ഞുകൊണ്ടുമിരുന്നു. അതിനാൽ അവർക്കു പതിനൊന്നുപേർക്കും ക്രമേണ പുരാണിയെക്കുറിച്ചും ഒട്ടും രസമില്ലാതെയായിത്തീർന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ടിരുന്നിട്ടും മാക്കം ആ നാത്തൂന്മാർക്കു വിരോധമായിട്ടു യാതൊന്നും പറയുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നില്ല. 


സൽഗുണവതിയായ മാക്കത്തിനു ഭർത്താവുണ്ടായിട്ട് അധികം താമസിയാതെതന്നെ അവൾ ഗർഭം ധരിക്കുകയും യഥാകാലം പ്രസവിച്ച് ഒരു ആൺകുട്ടിയുണ്ടാവുകയും ചെയ്തു. അപ്പോൾ നാത്തൂന്മാർക്ക് പതിനൊന്നുപേർക്കും അവളോടുള്ള അസൂയയും വൈരവും പൂർവ്വാധികം വർദ്ധിച്ചു. എങ്കിലും സഹോദരന്മാർക്കും ഭർത്താവിന്നും പുരാണിക്കും മാക്കത്തെക്കുറിച്ചുള്ള സ്നേഹവും സന്തോഷവുമാണു് അപ്പോൾ വർദ്ധിച്ചത്. 


 നാത്തൂന്മാർ അവരുടെ തലേണമന്ത്രം അക്ഷരലക്ഷം വീതം ജപിച്ചിട്ടും യാതൊരു ഫലസിദ്ധിയുമുണ്ടായില്ല. പ്രകൃത്യാ നിർദ്ദോഷവാന്മാരായ ആ പുരുഷന്മാർ തങ്ങളുടെ അനന്തരവന്   'ചാത്തു' എന്നു പേരിടുകയും അന്നപ്രാശനമടിയന്തിരം സാഘോഷം കെങ്കേമമായി നടത്തുകയും ആ കുട്ടിയെ യഥായോഗ്യം വളർത്തിപ്പോരികയും ചെയ്തു.


അനന്തരം മാക്കം പ്രസവിച്ച് ഒരു പെൺകുട്ടി കൂടിയുണ്ടായാൽ കൊള്ളാമെന്നുള്ള ആഗ്രഹം ക്രമത്തിലധികം വർദ്ധിക്കുകയാൽ അവളുടെ സഹോദരന്മാർ അതിനായി സംഖ്യയില്ലാതെ ധനവ്യയം ചെയ്ത് അനവധി സൽക്കർമ്മങ്ങൾ നടത്തി. അതൊക്കെക്കൊണ്ടു നാത്തൂന്മാർക്ക് അസൂയ പ്രതിദിനം വർദ്ധിച്ചുകൊണ്ടിരുന്നു. എങ്കിലും അവർക്ക് ഒന്നും ചെയ്യാനും ചെയ്യിക്കാനും സാധിക്കായ്കയാൽ എല്ലാം സഹിക്കുക തന്നെ ചെയ്തു.


മാക്കം രണ്ടാമതും ഗർഭം ധരിക്കുകയും  ഒരു പെൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. അപ്പോൾ നാത്തൂന്മാരുടെ അസൂയ പരമകാഷ്ഠയെ പ്രാപിച്ചു. മാക്കത്തിന്റെ സഹോദരന്മാരുടെ സന്തോഷവും അങ്ങനെതന്നെ. അവർ തങ്ങളുടെ ഭാഗിനേയിക്കു യഥാകാലം 'ചീരു' എന്നു പേരിടുകയും ചോറൂണിനു  വട്ടം കൂട്ടുകയും ചെയ്തു. 


ചോറൂണടിയന്തിരത്തിനു ക്ഷണിക്കപ്പെട്ടവരായിട്ടും അങ്ങനെയല്ലാതെയും അസംഖ്യമാളുകൾ ആ വീട്ടിൽ വന്നു കൂടുകയും മുഹൂർത്തസമയത്തു ചോറു കൊടുക്കുകയെന്നുള്ള ക്രിയ യഥായോഗ്യം നടത്തുകയും ചെയ്തു. പിന്നെ സദ്യയ്ക്ക് ഇലവയ്ക്കാനുള്ള ആരംഭമായി.

ഇതിനിടയ്ക്ക് നാത്തൂന്മാർ പതിനൊന്നുപേരും അസൂയ സഹിക്കവയ്യാതെയായിട്ട് ഒരു വിജനസ്ഥലത്ത് കൂടിയിരുന്ന് ഒരാലോചന നടത്തി.


ഒന്നാമത്തവൾ: ഇതെല്ലാം കണ്ടും കേട്ടും  ഇവിടിരിക്കുന്നതിനേക്കാൾ നല്ലത് നമുക്ക് വല്ല സ്ഥലത്തും പോയി മരിക്കുന്നതാണ്...


രണ്ടാമത്തവൾ: നമ്മളെന്തിനാണു മരിക്കുന്നത്? നമുക്ക് ഈ സങ്കടമൊക്കെ ഉണ്ടാക്കിത്തീർക്കുന്നത് മാക്കമൊരുത്തിയാണ്. അതിനാൽ ഏതുവിധവും അവളെ കൊല്ലാൻ നോക്കുകയാണ് വേണ്ടത്. അവളുടെ കഥ കഴിഞ്ഞാൽപ്പിന്നെ സകല കാര്യങ്ങളും നമ്മൾ വിചാരിക്കുന്നതുപോലെ ഇവിടെ നടക്കും. പിന്നെ നമുക്ക് ഒരിക്കലും ഒന്നുകൊണ്ടും വ്യസനിക്കേണ്ടതായി വരികയില്ല.


മൂന്നാമത്തവൾ: അതൊക്കെ ശരിതന്നെ. പക്ഷേ അവളെക്കൊല്ലാൻ കൗശലമൊന്നുമില്ലല്ലോ.


നാലാമത്തവൾ: കൗശലമില്ലായ്കയൊന്നുമില്ല. എനിക്കൊരു നല്ല കൗശലം തോന്നുന്നുണ്ട്. അതു ചെയ്താൽ മതി.


അഞ്ചാമത്തവൾ: എന്നാൽ അതെന്താണെന്നു കൂടി പറയൂ. കേൾക്കട്ടെ.


നാലാമത്തവൾ: അതു പറയാം. നമ്മുടെ അടുക്കളക്കാരൻ ചാപ്പനെ വിളിച്ചു മാക്കത്തിനു ചോറു വിളമ്പിക്കൊടുക്കുമ്പോൾ അതിൽ വിഷം ചേർത്തു കൊടുക്കണമെന്നു സ്വകാര്യമായി പറഞ്ഞു ചട്ടംകെട്ടണം. എന്തെങ്കിലും വിഷദ്രവ്യം അവന്റെ കയ്യിൽ കൊടുത്തേക്കുകയും വേണം. എന്നാൽ കാര്യം പറ്റും.


ആറാമത്തവൾ: ഇതു കാര്യം കൊള്ളാം. നല്ല കൗശലമാണ്. പക്ഷേ അവനു വല്ലതും കൊടുക്കാതെ അവനങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല.


എട്ടാമത്തവൾ: അതു ശരിയാണ്. അവനു വല്ലതും കൊടുക്കണം.


ഒൻപതാമത്തവൾ: കൊടുക്കണം. കൊടുത്താലെന്താണ്? നമുക്ക് ഉപദ്രവം തീരുമല്ലോ.


പത്താമത്തവൾ: എന്റെ വീതത്തിനു നൂറുറുപ്പിക കൊടുക്കാൻ ഞാൻ തയ്യാറാണ്. അങ്ങനെ നമ്മളെല്ലാവരും കൊടുക്കണം. അപ്പോൾ ആയിരത്തി ഒരുനൂറ് ഉറുപ്പികയാകും. അത്രയും കൊടുത്താൽ അവൻ നിശ്ചയമായിട്ടും അങ്ങനെ ചെയ്യും. ഇനി വിഷം വേണമല്ലോ, അതിനെന്താ കൗശലം?


പതിനൊന്നാമത്തവൾ: അതിനെക്കുറിച്ചു നിങ്ങളാരും വിചാരപ്പെടേണ്ട. എന്റെ കൈവശം ഒരു വിഷ ദ്രാവകമിരിക്കുന്നുന്നുണ്ട്. ആയിരം പേരെക്കൊല്ലാൻ അതിൽ ഒരു തുള്ളി തന്നെ തികച്ചുവേണ്ട.


“എന്നാൽ അങ്ങനെതന്നെ" എന്നു അവരെല്ലാവരുംകൂടി പറഞ്ഞുറച്ചു. പിന്നെ അവർ ചാപ്പനെ വിളിച്ച് സ്വകാര്യമായിട്ട് ഇതു പറഞ്ഞു. അതുകേട്ടു ചാപ്പൻ ചെവിപൊത്തിക്കൊണ്ട് "അയ്യോ! ശിവശിവ! മഹാപാപം. ഇതു ഞാൻ ഒരിക്കലും ചെയ്യുകയില്ല. ആയിരത്തൊരുനൂറല്ല, പതിനായിരമായാലും ഈ കാര്യം എന്നാൽ സാദ്ധ്യമല്ല" എന്നു പറഞ്ഞു. അപ്പോൾ ആ സ്ത്രീകൾ "എന്നാൽ അതുവേണ്ട. ഈ വിഷദ്രവ്യം ചേർത്തു ഞങ്ങൾക്ക് ചോറുവിളമ്പിത്തന്നാലും മതി. അതിനു നിനക്കെന്താ വിഷമം? ഇതു ഞങ്ങൾ തന്നെ പറഞ്ഞിട്ടാണല്ലോ.


 എന്നാൽ അതിനെക്കുറിച്ച് ചോദ്യമുണ്ടാകുമ്പോൾ വിഷം ആ മാക്കം തന്നു ഞങ്ങൾക്കു തരുവിച്ചതാണെന്നു പറഞ്ഞേക്കണം. നീ അതുമാത്രം ചെയ്താൽ മതി. നിനക്കു തരാമെന്നു പറഞ്ഞിട്ടുള്ള സംഖ്യ ഞങ്ങൾ തരികയും ചെയ്യാം" എന്നു പറഞ്ഞു. അതിനും ചാപ്പനു നല്ല സമ്മതമില്ലായിരുന്നു. എങ്കിലും ആ സ്ത്രീകളുടെ നിർബ്ബന്ധം നിമിത്തം ഒടുക്കം അങ്ങനെ ചെയ്യാമെന്നു സമ്മതിച്ച് അവൻ പോയി.


അപ്പോഴേയ്ക്കും അവിടെ സദ്യയുടെ തിടുക്കമായിക്കഴിഞ്ഞു. ഈ പതിനൊന്നു സ്ത്രീകൾ പ്രത്യേകമൊരു സ്ഥലത്താണ്‌ ഉണ്ണാനിരുന്നത്. വിളമ്പുകാർ ഓരോ പദാർത്ഥങ്ങൾ മുറയ്ക്കു വിളമ്പിവന്ന കൂട്ടത്തിൽ ഇവർക്കും വിളമ്പി. ഉടനെ ചാപ്പൻ ഇവർക്കു ചോറും കൊണ്ടുവന്നു വിളമ്പി. അപ്പോൾ അവരിൽ ഒരു സ്ത്രീ (ഒന്നും അറിഞ്ഞിട്ടില്ലാത്ത ഭാവത്തിൽ) ചോറു തൊട്ടുനോക്കീട്ട് "അയ്യോ ഈ ചോറെന്താണ്‌ ഇങ്ങനെയിരിക്കുന്നത്? ഇതിൽ വിഷം ചേർന്നിട്ടുണ്ടെന്നു തോന്നുന്നുവല്ലോ" എന്നു പറഞ്ഞു. 

അപ്പോൾ ശേഷമുള്ളവരും ചോറു തൊട്ടുനോക്കീട്ട് "ശരിയാണ് ഈ ചോറു വിഷം ചേർന്നതുതന്നെ, സന്ദേഹമില്ല" എന്നു പറഞ്ഞു. 

പിന്നെ അവർ "ചാപ്പനിതാ ആളെക്കൊല്ലാൻ ചോറ്‌ വിഷം ചേർത്തു വിളമ്പിയിരിക്കുന്നു" എന്നു പറഞ്ഞു ബഹളം കൂട്ടി. അതുകേട്ട് അവരുടെ ഭർത്താക്കന്മാർ അവിടെയെത്തി ചില പരിശോധനകൾ കഴിച്ചപ്പോൾ ആ ചോറു വിഷം ചേർന്നതുതന്നെയെന്നു ബോധപ്പെടുകയാൽ അവർ ചാപ്പനെ വിളിച്ചു ചോദ്യം തുടങ്ങി. ചാപ്പൻ ഒന്നും മിണ്ടാതെ നില്‌ക്കുകയാൽ അവർ അവനെപ്പിടിച്ചു പ്രഹരിച്ചുതുടങ്ങി. 


തല്ലുകൊണ്ടു വേദന സഹിക്കവയ്യാതെയായപ്പോൾ ചാപ്പൻ, "ഈ വിഷം ജ്യേഷ്ഠത്തിയമ്മമാർക്കു ചോറ്റിൽ ചേർത്തു കൊടുക്കണമെന്നു പറഞ്ഞു ചെറിയമ്മ (വടക്കേ മലയാളത്തിലുള്ള മാന്യകുടുംബങ്ങളിലെ സ്ത്രീകളെ ഭൃത്യന്മാർ 'ചെറിയമ്മ' എന്നോ 'കുഞ്ഞിയമ്മ' എന്നോ ആണ്‌ പറയുക പതിവ്) തന്നതാണ്‌. അതുകൊണ്ടു ഞാൻ ഇങ്ങനെ കൊടുത്തതാണ്‌" എന്ന് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു വിളിച്ചുപറഞ്ഞു. ജനങ്ങൾ ഇതുകേട്ട് അത്ഭുതപ്പെടുകയും വ്യസനിക്കുകയും ചെയ്തു. "മാക്കം ഇങ്ങനെ ചെയ്യുമോ?" എന്നു ചിലരും "ഓഹോ അവൾ ഇതും ഇതിലപ്പുറവും ചെയ്യും" എന്ന് മറ്റു ചിലരുംഓരോവിധം പറഞ്ഞുതുടങ്ങി. ഇതൊക്കെ കേട്ടപ്പോൾ മാക്കത്തിനു സങ്കടം  സഹിക്കാനായില്ല.


"സത്യസ്വരൂപനായ ഈശ്വരനു പരമാർത്ഥമറിയാമല്ലോ. സർവ്വസാക്ഷിയായ സകലേശ്വരൻ തന്നെ ഇതിനു സമാധാനമുണ്ടാക്കിക്കൊള്ളും" എന്ന് അവൾ ആദ്യം വിചാരിച്ചു. പിന്നെ "ഇവിടെ ഞാനൊന്നും മിണ്ടാതെയിരുന്നാൽ ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടാകും. അതുകൊണ്ട് എന്റെ പരമാർത്ഥം ഞാൻ തന്നെ പറയുകയാണ് ഇവിടെ വേണ്ടത്" എന്നു രണ്ടാമതു തീർച്ചപ്പെടുത്തിക്കൊണ്ടു മാക്കം തന്റെ രണ്ടു കുട്ടികളോടുകൂടി ഇറങ്ങിച്ചെന്ന് ആ ജനക്കൂട്ടത്തിൽ നിന്നുകൊണ്ട് "ഈ സംഗതിയിൽ ഞാൻ യാതൊന്നും അറിഞ്ഞിട്ടില്ലെന്നുള്ള പരമാർത്ഥം സത്യസ്വരൂപിണിയായ ലോക്മലയാർകാവിലമ്മയ്ക്കറിയാം. ഇതിൽ സ്വൽപമെങ്കിലും വല്ലതും ഞാനറിഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ എന്റെയും ഈ ഓമനക്കുട്ടികളുടെയും തല പൊട്ടിത്തെറിക്കട്ടെ. അല്ലെങ്കിൽ ഇതു ചെയ്തവർക്ക് അതിന്റെ ഫലം ആ സർവ്വേശ്വരി കാണിച്ച് കൊടുക്കട്ടെ" എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.


 ഈ സമയം ചാപ്പൻ ഒരു ഭ്രാന്തനെപ്പോലെ തുള്ളിച്ചാടി ആ സ്ഥലത്തു ചെന്ന് "ഇതു സത്യം, ഇതു സത്യം, ഞാൻ കള്ളം ചെയ്തു. ഞാൻ കള്ളം ചെയ്തു. ഞാൻ വ്യാജം പറഞ്ഞു. ഞാൻ വ്യാജം പറഞ്ഞു. അയ്യോ! എനിക്കു പേടിയാവുന്നേ. ഇതാ, ദംഷ്ട്രങ്ങളും കടിച്ചു കണ്ണുകളുമുരുട്ടി ഒരു ഭയങ്കരസ്വരൂപം എന്റെ നേരെ വരുന്നു. ഞാനിപ്പോൾ ചാവും, ഇപ്പോൾ ചാവും" എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് അവിടെ വീണു. ഉടനെ അവൻ രക്തം വമിച്ചു മരിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടും ഭയാത്ഭുതപാരവശ്യത്തോടുകൂടി ജനങ്ങളെല്ലാവരും പിരിഞ്ഞുപോയി. 


അപ്പോൾ ആ ചേട്ടകളായ ചേട്ടത്തിയമ്മമാർ ഏറ്റവും ഭയവിഹ്വലകളായിത്തീർന്നു. എങ്കിലും ചാപ്പൻ തങ്ങൾ ചെയ്തതൊന്നും വിളിച്ചു പറഞ്ഞില്ലല്ലോ. അതു ഭാഗ്യം എന്നു വിചാരിച്ച് അവർ സമാധാനപ്പെട്ടു. പിന്നെയും വിഷണ്ണയായിത്തന്നെ ഇരുന്ന മാക്കത്തെ രാമൻനമ്പ്യാരും പുരാണിയും കൂടി സാന്ത്വനോക്തികൾകൊണ്ടു സമാധാനപ്പെടുത്തുകയും ചെയ്തു.


അനന്തരം ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന്റെശേഷം, ഒരു ദിവസം, മുമ്പ് ആട്ടാൻ കൊടുത്തിരുന്ന എള്ളാട്ടിയ എണ്ണയും കൊണ്ട് ഒരു വാണിയൻ കടാങ്കോട്ടു ചെന്നിരുന്നു. ആ സമയം ആ തറവാട്ടിലെ പുരുഷന്മാർ പന്ത്രണ്ടു പേരും നായാട്ടിനും അവരുടെ ഭാര്യമാരിൽ പുരാണി എന്തോ  ഗൃഹജോലിക്കും, ശേഷം പതിനൊന്നു പേരും കുളിക്കാനും മാക്കത്തിന്റെ ഭർത്താവു കൃഷിസ്ഥലത്തേയ്ക്കും പോയിരിക്കുകയായിരുന്നു. മാക്കം ഋതുവായിരിക്കുകയുമായിരുന്നു.

 അതിനാൽ മാക്കം ആ  വാണിയനോട് "എണ്ണ അളന്നെടുക്കുന്നതിനും നിനക്ക് ആട്ടുകൂലി തന്നതിനും ഇപ്പോൾ പറ്റില്ല . ഞാൻ തീണ്ടാരിയായിരിക്കുകയാണ്. അതുകൊണ്ടു നാളെ വന്നാൽ എണ്ണ അളന്നെടുക്കുകയും നിനക്കു കൂലിതരികയും ചെയ്യാം. എണ്ണ ആ പാത്രത്തിൽത്തന്നെ ഇവിടെയിരിക്കട്ടെ. നീ പുറത്ത് ആ വരാന്തയിൽ നിന്നുകൊണ്ട് എണ്ണപ്പാത്രം അകത്തേക്ക് വെച്ചിട്ട് ഇപ്പോൾ പോവുക" എന്നു പറഞ്ഞു. 


അവൻ അപ്രകാരം വരാന്തയിൽ നിന്നുകൊണ്ട് എണ്ണപ്പാത്രം അകത്തേക്കുവെച്ചിട്ട് മുറ്റത്തേക്കിറങ്ങി. കുളിക്കാൻ പോയിരുന്ന നാത്തൂന്മാർ കുളികഴിഞ്ഞ് മടങ്ങിവന്ന് വരാന്തയിലേക്കു കയറുകയും വാണിയൻ മുറ്റത്തേയ്ക്കിറങ്ങുകയും ചെയ്തത് ഒരേ സമയത്തായിരുന്നു.വാണിയൻ ഇറങ്ങിപ്പോകുന്നതു കണ്ടിട്ട് ആ സ്ത്രീകൾ മാക്കത്തെ വളരെ ശകാരിച്ചു: “എടീ കുലടേ! നിന്റെ കള്ളത്തരമൊക്കെ ഞങ്ങളറിഞ്ഞു. നിനക്കു ഒരു ഭർത്താവുണ്ടല്ലോ. പിന്നെ ഈ വാണിയനും കൂടി വേണമോ? തീണ്ടലും തീണ്ടാരിയും വർജ്ജിക്കാത്ത നിനക്ക് രാവും പകലും ഒന്നു പോലെയായത് അത്ഭുതമല്ല. നീ ഈ മാന്യതറവാട്ടേക്കും കളങ്കമുണ്ടാക്കാനായി ജനിച്ചവളാണ്. 


നിന്റെ സഹോദരന്മാർ വരട്ടെ. നിന്റെ ഈ ദുഷ്കൃത്യങ്ങളെ നിർത്താൻ അവർ വിചാരിച്ചാൽ കഴിയുമോ എന്നു ഞങ്ങൾക്കറിയണം. തറവാടുകളിലുള്ള സ്ത്രീകൾ ഇങ്ങനെ തുടങ്ങിയാൽ കുടുംബം മുടിഞ്ഞുപോകുമല്ലോ. ഈ പുംശ്ചലി സഹോദരന്മാർക്കും നല്ല വരുമാനമാണുണ്ടാക്കിവെയ്ക്കുന്നത്, ഇവൾ ഇങ്ങനെ തുടങ്ങിയാൽ അവർ പുറത്തിറങ്ങി നടക്കുന്നതെങ്ങനെയാണ്? അവർക്ക് അന്യന്മാരുടെ മുഖത്തു നോക്കാൻ നാണമാകുമല്ലോ?” എന്നും മറ്റും പറഞ്ഞാണ് അവർ മാക്കത്തെശ്ശകാരിച്ചത്. ഇതുകേട്ട് പുരാണി അവിടെയെത്തി ചെവികൾ പൊത്തിക്കൊണ്ട്, "അയ്യോ, ശിവശിവ! ഇതു മഹാ പാപമാണ് നിഷ്ക്കളങ്കയായ ഈ പതിവ്രതാരത്നത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞാൽ നിങ്ങളുടെ നാവു പുഴുക്കും. 


സർവ്വസാക്ഷിയായിട്ട് ഒരീശ്വരനുണ്ടെന്നു നിങ്ങൾ വിചാരിക്കാത്തതു കഷ്ടമാണ്" എന്നു പറഞ്ഞു.

 അതുകേട്ട് ആ ചേട്ടത്തിയമ്മമാർ പുരാണിയേയും ഒട്ടു വളരെ ശകാരിച്ചു. അപ്പോൾ മാക്കം പുരാണിയോടായിട്ടു പറഞ്ഞു: “ജ്യേഷ്ഠത്തിയമ്മ മിണ്ടാതെയിരിക്കണം. അവർ എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ. എനിക്ക് അതുകൊണ്ട് ഒരു ദോഷവുമുണ്ടാവുകയില്ല. ലോകമലയാർ കാവിൽ ഭഗവതി തന്നെ ഇതിനൊക്കെ ഉത്തരം പറഞ്ഞുകൊള്ളും.” ഇതുകേട്ട് പുരാണി അടുക്കളയിലേക്കും മറ്റവർ അവരുടെ ഇരിപ്പിടങ്ങളിലേക്കും പോയി.


പിന്നെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാക്കത്തിന്റെ സഹോദരന്മാർ നായാട്ടുകഴിഞ്ഞ് മടങ്ങിവന്നു. അന്നു രാത്രിയിൽത്തന്നെ അവരിൽ പതിനൊന്നുപേരെയും അവരുടെ ഭാര്യമാർ തലയിണമന്ത്രം ജപിച്ചു മയക്കി. ഭാര്യമാരുടെ മന്ത്രജപം കഴിഞ്ഞപ്പോഴേക്കും ആ പുരുഷന്മാർ പതിനൊന്നുപേരും തങ്ങളുടെ സഹോദരി കേവലം കുലടയും ദുർവൃത്തയുമാണെന്നു വിശ്വസിക്കുകയും ഇവൾ ജീവിച്ചിരിക്കുന്നതു തങ്ങൾക്കും തങ്ങളുടെ തറവാട്ടേക്കും ദുഷ്കീർത്തികരമാണെന്നും ഏതുവിധവും അവളുടെ കഥ കഴിക്കണമെന്നും തീർച്ചയാക്കുകയും അതിനൊരു കൗശലം അവർ പതിനൊന്നു പേരും കൂടി ആലോചിച്ചു നിശ്ചയിക്കുകയും ചെയ്തു.


പിറ്റേദിവസം കാലത്തേ ആ പതിനൊന്നു സഹോദരന്മാരും കൂടി മാക്കത്തെ വിളിച്ച്, “ഇന്നു ലോകമലയാർകാവിൽ 'നിറമാല' എന്ന ആഘോഷമുണ്ടല്ലോ. അതു തമ്പുരാൻ നടത്തുന്നതാകകൊണ്ടു വളരെ കേമമായിരിക്കും. നിനക്ക് അതുകാണാൻ പോകേണ്ടയോ? വീട്ടിൽ നിന്നു പുറത്തിറങ്ങാതെ ഇവിടെത്തന്നെയിരുന്നിട്ടാണ് നിന്റെ മനസ്സിന് ഉന്മേഷവും ദേഹത്തിനു സുഖവുമില്ലാതെയിരിക്കുന്നത്. അതിനാൽ നീ കുറേശ്ശെ പുറത്തിറങ്ങി സഞ്ചരിക്കുകയും വേണം. ഈ കുട്ടികളേയും കൊണ്ടു കാവിൽപ്പോയി ദേവിയെ വന്ദിക്കുന്നതു നമുക്കും നമ്മുടെ സന്താനങ്ങൾക്കും തറവാട്ടേക്കും ശ്രേയസ്കരമായിട്ടുള്ളതാണല്ലോ. 


ദേവിയെ വന്ദിക്കുന്നതിനു ഇത്രയും മുഖ്യമായിട്ടു വേറെ ഒരു ദിവസമില്ല. ഈ ആഘോഷം കാണാൻ പോയാൽക്കൊള്ളാമെന്നു നീ പലപ്പോഴും പറഞ്ഞിട്ടുള്ളതുമാണല്ലോ. ഈ ആഘോഷം കൊല്ലന്തോറുമുള്ളതാണെങ്കിലും ഇക്കൊല്ലം പതിവിൽ കൂടുതലായി ചില വിശേഷങ്ങൾ കൂടിയുണ്ടെന്നു കേട്ടു. ആട്ടെ, വേഗം തയ്യാറാവുക, ഒട്ടും താമസിക്കേണ്ട. വഴി നാലഞ്ചു നാഴികയുണ്ടല്ലോ. 


ഈ കുട്ടികളേയും കൊണ്ടു നടന്നെത്തണമല്ലൊ. തൊഴാനായിട്ട് പോകുമ്പോൾ വാഹനങ്ങളുപയോഗിക്കുന്നതു യുക്തമല്ല. ഞങ്ങളും നടന്നാണ് പോകുന്നത്. എല്ലാവർക്കും ഒരുമിച്ചു തന്നെ പോകണം. നിന്റെ ഭർത്താവ് കൂടെയില്ലാത്ത സ്ഥിതിക്കു ഞങ്ങൾ കൂടെയില്ലാതെ നീ തനിച്ചു പോവുകയില്ലല്ലോ. അങ്ങനെ പോകുന്നതു ശരിയുമല്ലല്ലോ" എന്നു പറഞ്ഞു.


ഇതു കേട്ടിട്ട് മാക്കം, 'ഇതിനുമുമ്പു പലപ്പോഴും നിറമാലാഘോഷം കാണാൻ പോകാനായിട്ടു ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നൊരിക്കലും അനുവദിക്കാത്ത ഇവർ ഇപ്പോൾ ഇതിനു നിർബന്ധിക്കുകയും സ്നേഹഭാവത്തിൽ ഉപദേശിക്കുകയും ചെയ്യുന്നതുവിചാരിച്ചാൽത്തന്നെ ഇതിലെന്തോ ചതിയുണ്ടെന്നു തീർച്ചയാക്കാം. 


തുടരും ....


ആദ്യ  ഭാഗം -ഒരു സ്ത്രീയുടെ തലയറുത്തിട്ട കിണർ, പ്രതികാര ദാഹിയായി ആരും കൊല

Photo by Luis del Río from Pexels


Horror Stories, Malayalam Horror Stories, yakshi kadhakal, prethakadhakal, Bedtime stories, Romance Horror, Funny Horror, Witch Stories, Kerala Black magic, Spirit true, soul, astral projection

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...