വഴിപ്പെരുക്കം
ടാ എവിടായ്..അവളുടെ മെസേജാണ്.
റെക്കോർഡർ ബട്ടൺ ഞെക്കിപ്പിടിച്ച് പറഞ്ഞു..ബസിലാടോ അറവുപുഴ എന്ന ഒരു ബോർഡ് കണ്ടു. ഇല്ല മെസേജ് സെന്റ് ആകുന്നില്ല. റേഞ്ച് കാണിക്കുന്നിടം ശൂന്യമാണ്. പെട്ടെന്ന് ടിക് വീണു. ഭാഗ്യം മെസേജ് സെന്റ് ആയി. 30 മിനിട്ട് കൂടി...ഡോ ഇവിടെ ഏത് നെറ്റ്വർക്കാ റേഞ്ച് ഉള്ളേ.. ഇല്ല സെന്റ് ആയിട്ടില്ല.
പ്രേതാനുഭവങ്ങൾ ഗ്രൂപ്പീന്ന് കിട്ടിയ സൗഹൃദമാണ് ലക്ഷ്മി. ഒരു കഥയുടെ താഴെ യാദൃശ്ചികമായി വന്ന കമന്റിലൂടെയാണ് പരിചയപ്പെടുന്നത്.
കേരളത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റിയിൽ തന്ത്ര ഗ്രന്ഥങ്ങളിലെ ഭാഷ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ് ലക്ഷ്മി. അതീന്ദ്രിയ വിഷയങ്ങളിൽ ചർച്ചകളും തർക്കങ്ങള്‍ക്കും പറ്റിയൊരാള്‍.
റിയൽ ലൈഫ് എക്സ്പെരിമെന്റ്സിൽ താൽപര്യമുണ്ടെന്നു പറഞ്ഞപ്പോൾ നാട്ടിലേക്കു ക്ഷണിച്ചതാണ്. കാവും കുളവും യക്ഷി അമ്പലവുമെക്കെയുള്ള സ്ഥലം. അവിടെ നൂറുകണക്കിനു മന്ത്ര–തന്ത്ര ഗ്രന്ഥങ്ങളുള്ള തറവാട്ടിലെ ഏക സന്തതി.
എന്തായാലും ആ ഗ്രന്ഥങ്ങളൊക്കെ തീസീസ് ആകുമ്പോള്‍ ആര്‍ക്കും വായിക്കാനാകുന്ന വിധത്തിൽ ലഭ്യമാകും. തറവാട്ടിൽ നിൽക്കുന്ന എനർജി ഫോഴ്സ് പ്രത്യക്ഷത്തിൽ അനുഭവിക്കാനാകുമത്രെ.
എന്തായാലും ഇത്തരത്തിൽ പ്രേതാനുഭവങ്ങൾ ഉണ്ടാകുമെന്നു പലരും പറഞ്ഞു ഇരുളടഞ്ഞ ബംഗ്ളാവുകളിൽ പോയിക്കിടന്നു പൊടിയടിച്ചതു പോലാവില്ല ഇതെന്നു മനസ്സു പറയുന്നു. വലിയൊരു ആല്‍ അതിനെച്ചുറ്റിയാണ് ബസ് പോകുന്നത്.
സ്റ്റോപ്പില്‍ ചാടിയിറങ്ങി ചുറ്റും നോക്കി. വിചാരിച്ചതിലും സമയം വൈകിയിരിക്കുന്നു. ഇരുട്ടു പരക്കാനൊരുങ്ങുന്നു. ലക്ഷ്മി കാത്തുനിൽക്കാമെന്നാണ് പറഞ്ഞിരുന്നത്. ആരെയും കാണുന്നില്ല. ആരോടു ചോദിക്കും.
അൽപ്പം അകലെ ഒരു പ്രകാശം, ഒരു ചെറിയ മാടക്കടയാണ്. ബീഡി തെറുക്കുന്നതിന്റെ തിരക്കിലാണയാൾ. പൂത്തൊടിയിലെ ഗംഗാധരന്റെ വീടു അറിയാമോ ചേട്ടാ.. അയാൾ കൈ അടുത്തുള്ള ചെറിയ ഇടവഴിയിലേക്കു ചൂണ്ടു. എത്ര ദൂരമുണ്ട് ചേട്ടാ ഇവിടുന്നു, ആരെങ്കിലും സ്റ്റോപ്പിൽ വന്നു നിന്നാർന്നോ.. മറുപടിയൊന്നുമില്ല..
എന്തായാലും പറഞ്ഞ വഴിയിലൂടെ അൽപ്പം മുന്നോട്ടു നടന്നു. വളവും തിരിവുമൊന്നുമില്ല. പാടത്തിനു നടുവിലൂടെ അസ്തമയ സൂര്യനിൽ അവസാനിക്കുന്നതുപോലെ തോന്നിക്കുന്ന വഴി. ഫോണിൽ ഒന്നുകൂടെ നോക്കി.. ഇല്ല.. റേഞ്ച് വന്നിട്ടില്ല. ആഞ്ഞു നടന്നു, ഇരുട്ടായി. മൊബൈൽ വെട്ടത്തിൽ വഴി കാണാം..തവളയും ചീവിടും പേരറിയാത്ത ജീവികളും പക്ഷികളുടെയും ശബ്ദം..
മുന്നിൽ അൽപ്പം അകലെയായി ആകാശം താഴെ പ്രതിഫലിക്കുന്നു.. പണി കിട്ടി മോനേ മനസ്സിൽ പറഞ്ഞു. പിന്നെ കാവ്യാത്മകമായി എഴുതാൻ പറ്റുമെങ്കിലും അപ്പോഴുള്ള ആ നിരാശ പറയാതെ വയ്യ. പിന്നാലേക്കു നീണ്ടു നിവർന്നു കിടക്കുന്ന വഴി, മുന്നിൽ പുഴ..
പുഴവക്കിലെത്തി ദൂരേക്കു നോക്കി.ഒഴുക്കു ജലത്തിൽ അകലെ വെളിച്ചപ്പൊട്ടുകൾ നൃത്തം ചെയ്യുന്നു. തുഴ വെള്ളത്തിൽ വീഴുന്ന ശബ്ദം..ആരോ വരുന്നു..കൂയ്..രണ്ട് തവണ കൂവി.അൽപ്പസമയം ഒരു വള്ളം കടവിലേക്കെത്തി. തീപ്പെട്ടിയുരച്ച് ഒരാൾ കൈ കണ്ണിനോടടുപ്പിച്ചു നോക്കി. പുരികം പോലും നരച്ച ഒരു വൃദ്ദൻ. നിഷ്കളങ്കമായി ചിരിച്ചു കാണിക്കുന്നു.
പൂത്തറ ഗംഗാധരന്റെ വീട്ടിൽ വന്നതാ വഴി തെറ്റി,.. വീടറിയാമോ.. ആ കടയിലിരുന്ന ആളെപ്പോലെ ചിരിച്ചുകൊണ്ടു അക്കരേക്കു ചൂണ്ടി. എന്നിട്ടു കയറാൻ ആംഗ്യം കാട്ടി.വള്ളത്തിലേക്കു തപ്പിപ്പിടച്ചു കയറി.. കാൽ മുട്ടെവിടെയോ ഇടിച്ചു. പടിയിൽ ബാലൻസ് ചെയ്തിരുന്നു. അയാൾ വള്ളം തുഴയ്ക്കു വശത്തേക്കു തള്ളി തുഴഞ്ഞു.
ആകാശത്തേക്കു നോക്കി വിളറിയ നിലാവ് ഇരുട്ടു മാറ്റാൻ പര്യാപ്തമല്ല... അത്രയും ഒഴുക്കുണ്ടായിട്ടും വെള്ളത്തിൽ നല്ല പോലെ ജല സസ്യങ്ങളുണ്ട്. അപ്പുപ്പൻ ക്ളേശിച്ചാണ് തുഴയുന്നത്. വെള്ളത്തിൽ അവിടവിടെ എന്തൊക്കെയോ വെളിച്ചത്തിന്റെ മൊട്ടുകൾ. വള്ളത്തിന്റെ വശത്ത് പതുക്കെ തട്ടി ഒപ്പം മത്സ്യങ്ങളോ മറ്റോ. കുറച്ചുകാലം മുന്നായിരുന്നെങ്കിൽ പ്രേതമെന്നല്ലാതെ ഒന്നും ചിന്തിക്കില്ലായിരുന്നു.
പെട്ടെന്നയാൾ വള്ളം നിന്നു തുഴയാൻ തുടങ്ങി. വശത്തേക്കു വള്ളം മാറ്റി..വെള്ളത്തിനു മുകളിൽ വളർന്നുയർന്നു നിൽക്കുത കൈതക്കൂട്ടത്തിൻ മറവിലേക്കു വള്ളമെത്തി.. അയാളുടെ നേരേ ഞാൻ അമ്പരന്നു തിരിഞ്ഞു. അയാൾ ചുണ്ടിൽ കൈചേർത്തു കാണിച്ചു. അകലേക്കു അമ്പരന്നു നോക്കി. അവിടെ എന്താ.. അവിടെ ജലപ്പരപ്പിനു മുകളിൽ ഒരു പ്രകാശം...
അൽപ്പസമയം ആ കാഴ്ച കണ്ടു എന്റെ രോമങ്ങൾ എണീറ്റു. ചെവിയുടെ മുകൾ ഭാഗം ചൂടായി. നദിയുടെ മധ്യത്തിലൂടെ എന്നാൽ ജലത്തിനടിയുലൂടെ പാഞ്ഞു വരുന്ന വഞ്ചി. നാം ഒരു പാലത്തിൽ നിന്നു താഴേക്കു നോക്കുന്നതുപോലെ ആ കാഴ്ച കാണാം. ആ വഞ്ചിയിൽ വാളുമേന്തി അംഗരക്ഷകർ. ഏറ്റവും പിന്നിലായി മുൻകുടുമയുള്ള ഒരാൾ ഇരിക്കുന്നു. ഒരാൾ മുട്ടുകാലിൽ , ചങ്ങലയാൽ ബന്ധനസ്ഥനായി നിൽക്കുന്നു. അംഗരക്ഷകരേവരും താളത്തിൽ എന്തോ പറയുന്നുണ്ടു.വെള്ളം ചുഴിപോലെ ഇളകി. ഞങ്ങളുടെ വള്ളം ഉയർന്നു പൊങ്ങി. കരയിലേക്കു നീങ്ങി. തുഴക്കാരൻ പിടിച്ചു നിൽക്കാൻ പാടുപെട്ടു. ഇരുട്ടു എവിടെയോ ഇടിച്ചു നിന്നു. വശത്തായി വള്ളിപ്പടർപ്പ്. അതിൽ ചാടി്പ്പിടിച്ചു . ഒടുവിൽ തറയിൽ കാൽകുത്തി.
ഒരു ടോർച്ചു മുഖത്തേക്കു പ്രകാശിച്ചു. ടാ..അവൾ ഓടിയെത്തി കൈയ്യിൽ പിടിച്ചു നീ എവിടാരുന്നു. ഞങ്ങൾ എവിടൊക്കെ തിരക്കി.. മോനേ എന്തുപറ്റി..മൈബൈലിൽ എത്ര തവണ വിളിച്ചു. അച്ഛനാണ്...ഞാൻ ...വഴിതെറ്റി. ദേ ഇയാളാണ് ഇങ്ങോട്ടെത്തിച്ചത്. അച്ഛൻ ടോർച്ച് വള്ളത്തിലേക്കടിച്ചു.. കടവില്‍ കെട്ടിനിന്ന വള്ളം ശൂന്യമായിരുന്നു. അതിലാകെ കരിയില വീണു ഉപയോഗിക്കാത്ത നിലയിലായിരുന്നു. ഏതാനും ചുവടു മുന്നോട്ടു നടന്നപ്പോൾ ഞാൻ ഇറങ്ങിയ അതേ സ്ഥലം മുന്നിലായി കണ്ടു...
കഥ– മനു കെഎസ്
Photo by Alexandre Bringer from Pexels

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...