മായയാൽ കരിമ്പന മാളികയാക്കിയ യക്ഷി, യക്ഷിപ്പറമ്പിന്റെ കഥ



കോട്ടയം നഗരത്തിൽ കുമാരനല്ലൂരിലുൾപ്പെട്ട നട്ടാശ്ശേരിയിലാണ് കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം . ഈ ഇല്ലത്തുള്ളവർക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടായിരുന്നു ഗണപതി പ്രത്യക്ഷമാണിവിടെന്നാണ് വാമെഴി. ഇവരുടെ മന്ത്രവാദത്തിന് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങൾ  ഐതിഹ്യമാലയിൽ വിശദികരിക്കുന്നതിങ്ങനെ– 

ഒരിക്കൽ കാലടിയിൽ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനും കൂടി ത്യശ്ശിവപേരൂർ പൂരം(തൃശൂർ) കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോളേക്കും നേരം വളരെ വൈകി. സമീപത്തെ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ച് അവിടെനിന്നു പുറപ്പെട്ടു. നടന്നു നടന്നു 'യക്ഷിപ്പറമ്പ് ' എന്ന സ്ഥലത്തിനു സമീപമായപ്പോൾ സർവ്വാംഗസുന്ദരികളായ രണ്ടു സ്ത്രീകൾ വഴിയരികിൽ നില്ക്കുന്നതായി കണ്ടു.

ഇവർ അടുത്തുചെന്നപ്പോൾ  ആ സ്ത്രീകൾ തിരുമേനികൾ എങ്ങോട്ടാണ് ഈ അസമയത്ത് എഴുന്നള്ളത്ത്? എന്നു തിരക്കി. ഞങ്ങൾ പൂരത്തിനു പോവുകയാണ് എന്നു ഭട്ടതിരി  പറഞ്ഞു. ഉടനെ സ്ത്രീകൾ  പറഞ്ഞു– യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമാണ് മുന്നോട്ടു ചെല്ലുമ്പോൾ, ഇങ്ങനെയുള്ള അസമയങ്ങളിൽ ഇതിലേ മനു‌ഷ്യരാരും നടക്കാറില്ലെന്നു അവർ പറഞ്ഞു. 

ഇതൊരു അപകട സ്ഥലമാണെന്ന് അവിടുന്ന് കേട്ടിട്ടില്ലായിരിക്കുമോ? എഴുന്നള്ളത്തു ഇന്നു വേണ്ടെന്നാണ് അടിയങ്ങൾക്ക് തോന്നുന്നത്. എഴുന്നള്ളിയാൽ എന്തെങ്കിലും ആപത്തുണ്ടാകും. അങ്ങനെ വളരെ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അപ്പോൾ നമ്പൂരി, ഞങ്ങൾക്ക് ഈ ദിക്കിലെങ്ങും പരിചയമില്ല. ഞങ്ങൾ ഈ ദിക്കുകാരല്ല. ഇന്നു പോകേണ്ടെന്നുവച്ചാൽ കേറികിടക്കുന്നതിന് എവിടെയാണു സകൗര്യമുള്ളത്. ഇവിടെ അടുക്കലെങ്ങാനും വല്ല ശൂദ്രവീടുകളോ മറ്റോ ഉണ്ടോ? എന്നു ചോദിച്ചു. അടിയങ്ങളുടെ കുപ്പമാടം ഇവിടെ അടുക്കലാണ്. വിരോധമില്ലെങ്കിൽ അങ്ങൊട്ടെഴുന്നള്ളിയാൽ അവിടെ കിടക്കാം. എന്നു സ്ത്രീകൾ പറഞ്ഞു.

ഭട്ടതിരിയും നമ്പൂരിയും ആ സ്ത്രീകളുടെ വീട്ടിലേയ്ക്കു പോവുകയെന്നുതന്നെ തീർച്ചയാക്കി. പിന്നെ അവർ നാലുപേരുംകൂടി അവിടെനിന്നു പോയി. കുറച്ചു ചെന്നപ്പോൾ വലിയതായിട്ട് ഒരു മാളിക കണ്ടു. ഈ സ്ത്രീകൾ ബ്രാഹ്മണരെ ആ മാളികയിൽ കൂട്ടിക്കൊണ്ടുപോയി. അവിടെ അടുത്തടുത്തു വിശാലമായ രണ്ടു മുറികൾ ഉണ്ടായിരുന്നു. അതിൽ ഒന്നിൽ ഭട്ടതിരിയെയും ഒന്നിൽ നമ്പൂതിരിയെയും കൊണ്ടുചെന്നു കിടത്തി. രണ്ടു മുറികളിലും ഓരോ സ്ത്രീകൾ ചെന്നുകൂടി. ഭട്ടതിരി കിടന്ന മുറിയിൽ ചെന്ന ആ സ്ത്രീ ഭട്ടതിരിയെ തൊട്ടപ്പോൾതന്നെ അദ്ദേഹത്തിനു ബോധമില്ലാതായി. ഉടനെ സ്വരൂപം പ്രാപിച്ച അവൾ അദ്ദേഹത്തെ ഭക്ഷിക്കാനും തുടങ്ങി. 

നമ്പൂരിക്കു സ്ഥിരമായി 'ദേവീമാഹാത്മ്യം' പാരായണമുള്ളതിനാൽ അദ്ദേഹത്തിന്റെ കൈയ്യിൽ  ഗ്രന്ഥമുണ്ടായിരുന്നു. ആ ഗ്രന്ഥം തലയ്ക്കൽ വച്ചുംകൊണ്ടാണ് കിടക്കുക പതിവ്. അന്നും ഗ്രന്ഥം തലയ്ക്കൽ വച്ചിട്ടുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന സ്ത്രീ "ആ ഗ്രന്ഥം ഇവിടെ താഴെയെങ്ങാനും വെച്ചേക്കണം. അതെന്തിനു തലയ്ക്കൽ വെച്ചിരിക്കുന്നു" എന്നു ചോദിച്ചു. "ഇതു താഴെ വയ്ക്കാൻ പാടില്ല. തലയ്ക്കൽ വച്ചുംകൊണ്ടാണ് ഞാൻകിടന്നുറങ്ങുക പതിവ്" എന്നു നമ്പൂരി പറഞ്ഞു. പിന്നെയും ഗ്രന്ഥം താഴെവയ്ക്കാൻ ആ സ്ത്രീ വളരെ നിർബന്ധിച്ചു. എങ്കിലും നമ്പൂരി സമ്മതിച്ചില്ല. 


അപ്പോഴേക്കും മറ്റേ മുറിയിൽ ഭട്ടതിരിയുടെ എല്ലുകൾ കടിച്ചുപൊട്ടിക്കുന്നതിന്റെയും ചോര കുടിക്കുന്നതിന്റെയും ശബ്ദം കലശലായിട്ട് ഈ മുറിയിൽ കേട്ടുതുടങ്ങി. നമ്പൂരിക്കു കുറേശ്ശെ ഭയവും ചില സംശയങ്ങളും തോന്നിത്തുടങ്ങി. അവിടെക്കിടന്നുംകൊണ്ടു ഭട്ടതിരിയെ വിളിച്ചു. ഭട്ടതിരിയെ അപ്പോഴേക്കും മുക്കാലും ഭക്ഷിച്ചുകഴിഞ്ഞിരുന്നു. പിന്നെ ആരു വിളി കേൾക്കുന്നു? ഭട്ടതിരി വിളി കേൾക്കാതിരിക്കുകയും അടുക്കൽ നിൽക്കുന്ന സ്ത്രീ ഗ്രന്ഥം താഴെ വയ്ക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതുകൊണ്ടും മറ്റും ആകപ്പാടെ കാര്യങ്ങളൊന്നും അത്ര നല്ല പന്തിയല്ലെന്നും ഈ സ്ത്രീകൾ കേവലം മനു‌ഷ്യസ്ത്രീകൾ അല്ലെന്നും തോന്നുകയാൽ നമ്പൂരിക്കു ഭയം കലശലായിത്തീർന്നു. 

അദ്ദേഹം ഗ്രന്ഥം കയ്യിലെടുത്തുപിടിച്ചുകൊണ്ടു തന്നെ കിടന്നു. അതുതന്നെ അദ്ദേഹത്തുനു രക്ഷയേകി.  അദ്ദേഹത്തിനു ലവലേശം ഉറക്കം വരികയും അദ്ദേഹം ഉറങ്ങുകയും ഉണ്ടായില്ല. ഏതായാലും അന്ത്യയാമമാകുന്നതു വരെ ആ സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽ ആ മുറിയിൽ നിന്നു. പിന്നെ പുറത്തേക്കിറങ്ങിപ്പോയി. നമ്പൂതിരി നിശ്ചഷ്ടേനായി ആ കട്ടിലിൽതന്നെ ഉറങ്ങാതെ കിടക്കുകയും ചെയ്തു.

നേരം വെളുത്തപ്പോൾ അവിടെ മാളികയുമില്ല സ്ത്രീകളുമില്ല. നമ്പൂരിയാണെങ്കിൽ  വലിയ കരിമ്പനയുടെ മുകളിൽ ഇരിക്കുന്നു. പിന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ട് ഒരു വിധത്തിൽ താഴെയിറങ്ങി. അപ്പോൾ അതിനടുത്തുള്ള മറ്റൊരു കരിമ്പനയുടെ ചുവട്ടിൽ ഭട്ടതിരിയുടെ നഖങ്ങളും കുടുമ്മയും മാത്രം കിടക്കുന്നതു കണ്ടു. അപ്പോൾ തലേദിവസം കാണപ്പെട്ട സ്ത്രീകൾ മനു‌ഷ്യസ്ത്രീകൾ അല്ലെന്നും യക്ഷികളായിരുന്നു എന്നും അവരുടെ മായാബലംകൊണ്ട് അവരെ മനു‌ഷ്യസ്ത്രീകളാണെന്നും കരിമ്പന മാളികയാണെന്നും തോന്നിച്ചതാണെന്നും ഭട്ടതിരിയെ യക്ഷി ഭക്ഷിക്കയായിരുന്നു എന്നും ദേവീമാഹാത്മ്യം എന്ന ഗ്രന്ഥം തന്റെ കൈയിലുണ്ടായിരുന്നതിനാൽ തന്നെത്തൊടാൻ പാടില്ലാഞ്ഞതിനാലാണ് മറ്റേ യക്ഷി തന്നെ ഭക്ഷിക്കാഞ്ഞതെന്നും മറ്റും നമ്പൂരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം പൂരത്തിനു പോകാതെതന്നെ തിരിച്ചുപോന്നു.

അന്നു മരിച്ചുപോയ ആ ഭട്ടതിരിയല്ലാതെ ആ ഇല്ലത്തു പുരു‌ഷൻമാരാരും ഉണ്ടായിരുന്നില്ല. മരിച്ചുപോയ ഭട്ടതിരിയുടെ അന്തർജനത്തിനു അന്നു ഗർഭമുണ്ടായിരുന്നു. നമ്പൂരി വന്നു ഭട്ടതിരിയുടെ മരണവ്യത്താന്തം അന്തർജനത്തിന്റെ അടുക്കൽ അറിയിച്ചു. അപ്പോൾ വിധവയായിതീർന്ന ആ അന്തർജനം അത്യന്തം വി‌ഷാദമഗ്നനായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. പിന്നെ ആ പതിവ്രതതന്നെ ഭർത്താവിന്റെ ശേ‌ഷക്രിയകളെല്ലാം കഴിച്ചു. 

അങ്ങനെയിരിക്കുന്ന കാലത്ത്  തേജോമയനായ ഒരു പുത്രനെ ആ അന്തർജനം പ്രസവിച്ചു. ഉണ്ണിക്കു ജാതകർമ്മം, നാമകരണം, അന്നപ്രാശനം, ചൌളം, ഉപനയനം, സമാവർത്തനം മുതലായവ യഥാകാലം വേണ്ടതുപോലയെല്ലാം കഴിച്ചു. അതിനിടക്കു വിദ്യാഭ്യാസം ചെയ്യിക്കുകയും വേദാധ്യയനം ചെയ്യിക്കുകയുമെല്ലാം ചെയ്തു. അത്യന്തം ബുദ്ധിമാനായ ആ ബ്രാഹ്മണകുമാരൻ പതിനാറു വയസ്സു കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വേദവേദാംഗതത്ത്വജ്ഞനായും സകലശാസ്ത്രപുരാണേതിഹാസ പാരംഗതനായും തീർന്നു.

അപ്പോൾ തന്റെ അച്ഛന്റെ മരണവൃത്താന്തം അമ്മ പറഞ്ഞു മനസ്സിലാവുകയാൽ അച്ഛനെക്കൊന്ന ആ യക്ഷിയുടെ കഥ കഴിച്ചേക്കുമെന്ന് അദ്ദേഹം നിശ്ചയിച്ച് ആ ഉദ്ദേശസിദ്ധിക്കായി സൂര്യനെ സേവിച്ചുതുടങ്ങി. അതികഠിനമായിരിക്കുന്ന തപസ്സുകൊണ്ട് അദ്ദേഹം സൂര്യഭഗവാനെ പ്രത്യക്ഷമാക്കി സൂര്യഭഗവാൻ ഒരു ബ്രാഹ്മണൻറെ രൂപം ധരിച്ച് ഭട്ടതിരിയുടെ അടുക്കൽ ചെന്നു ചില ദിവ്യമന്ത്രങ്ങൾ ഉപദേശിക്കുകയും "പോരാത്തതെല്ലാം ഇതിൽ പറയുന്നുണ്ട്. ഇതിൽ നോക്കിച്ചെയ്തോളൂ" എന്നു പറഞ്ഞ് ഒരു ഗ്രന്ഥം കൊടുക്കുകയും ചെയ്തിട്ട് മറഞ്ഞുപോവുകയും ചെയ്തു. ആ ഭട്ടതിരിക്കു "സൂര്യകാലടി" എന്നു നാമം സിദ്ധിക്കുകയും പ്രസിദ്ധനാവുകയും ചെയ്തു. അദ്ദേഹമാണ് വിശ്വവിശ്രുതനായ "സൂര്യകാലടി" എന്നു പറയപ്പെടുന്ന ഭട്ടതിരി. അക്കാലം മുതൽ ആ ഇല്ലത്ത് ഓരോ തലമുറയിൽ ഓരോരുത്തർക്ക് "സൂര്യൻ" എന്നുകൂടി പേരിട്ടു തുടങ്ങി. അതിന്നും നടന്നുവരുന്നു.

സൂര്യഭഗവാനിൽനിന്ന് ഉപദേശവും ഗ്രന്ഥവും കിട്ടിയതിന്റെ ശേ‌ഷം സൂര്യഭട്ടതിരി വിവാഹം കഴിച്ചു ഗൃഹസ്ഥനായിട്ടു താമസിച്ചു. അക്കാലത്തു സൂര്യദത്തമായ ഗ്രന്ഥം മുഴുവനും നോക്കി ഹൃദിസ്ഥമാക്കി. അതൊരു മന്ത്രവാദഗ്രന്ഥമായിരുന്നതിനാൽ ഭട്ടതിരി പ്രസിദ്ധനായ ഒരു മന്ത്രവാദിയായിത്തീർന്നു. അദ്ദേഹം പിന്നെ അദ്ദേഹത്തിനുണ്ടായ പുത്രന്മാർക്കും സൂര്യഭഗവാങ്കൽനിന്നു തനിക്കു കിട്ടിയ വിദ്യയെ ഉപദേശിച്ചുകൊടുത്തു. അങ്ങനെ തലമുറതോറുമുണ്ടായ ഉപദേശംകൊണ്ട് ആ പാരമ്പര്യം ഇന്നും ആ ഇല്ലത്തുള്ളവർക്കു കാണുന്നുണ്ട്. കാലടിയിൽ ഭട്ടതിരിമാരുടെ മന്ത്രവാദത്തിന് ഒരനന്യസാധാരണത്വമുണ്ടായത് ഇങ്ങനെയാണ്.


പിന്നെ സൂര്യഭട്ടതിരിയെ പല സ്ഥലങ്ങളിലും മന്ത്രവാദത്തിനായി കൊണ്ടുപോകുകയും അദ്ദേഹം പല ബാധകൾ ഒഴിക്കുകയുമുണ്ടായിട്ടുണ്ട്. അദ്ദേഹം മന്ത്രവാദം ചെയ്തിട്ട് ഒഴിയാതെ ഒരു ബാധയും ഉണ്ടായിരുന്നില്ല. അങ്ങനെ പല ദൃഷ്ടാന്തങ്ങൾ കണ്ടപ്പോൾ സൂര്യഭഗവാന്റെ ഉപദേശസാഫല്യത്തെക്കുറിച്ചു ഭട്ടതിരിയുടെ മനസ്സിൽത്തന്നെ നല്ല വിശ്വാസമുണ്ടായി. സൂര്യഭഗവാന്റെ ഉപദേശപ്രകാരം ചെയ്താൽ എലാം ഫലിക്കുമെന്നു കണ്ടപ്പോൾ ഇനി ഒട്ടും താമസിയാതെ തന്റെ അച്ഛനെ ഭക്ഷിച്ച യക്ഷിയെ ശിക്ഷിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. പിന്നെ അതിനു വേണ്ടുന്ന ഉപകരണങ്ങളെല്ലാം സമ്പാദിച്ച് അതികഠിനമായ ഒരു ഹോമം തുടങ്ങി. ശിക്ഷാർഹയായ യക്ഷി ഏതാണെന്നു നിശ്ചയമില്ലായ്കയാൽ അദ്ദേഹം ലോകത്തിലുള്ള സകലയക്ഷികളെയും ഒന്നായിട്ടാവാഹിച്ചു. 


ഇദ്ദേഹത്തിന്റെ മന്ത്രശക്തികൊണ്ടു നിവൃത്തിയില്ലാതെയായിട്ടു സകലയക്ഷികളും അദ്ദേഹത്തിന്റെ അടുക്കൽ വന്നു. അപ്പോൾ ഭട്ടതിരി "എന്റെ അച്ഛനെ ഭക്ഷിച്ചതു നിങ്ങളിലാരാണ്?" എന്നു ചോദിച്ചു. അപ്പോൾ എല്ലാ യക്ഷികളും "ഞാനല്ല, ഞാനല്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി യക്ഷികളെ ഓരോരുത്തരെ ആയിട്ടു പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിച്ചു വിട്ടയച്ചു. അങ്ങനെ ശിക്ഷാർഹയായ ആ ഒരു യക്ഷി ഒഴികെ ശേ‌ഷമെല്ലാവരും പോയി. അപ്പോൾ ഭട്ടതിരി തന്റെ പുരോഭാഗത്തിങ്കൽ ഭയവിഹ്വലയായി വിറച്ചുകൊണ്ടു നിൽക്കുന്ന ആ യക്ഷിയോടും സത്യം ചെയ്യാൻ പറഞ്ഞു. താൻ അപരാധിനിയാകയാൽ സത്യം ചെയ്യുന്നതിനു നിവൃത്തിയില്ലാതെ ആ യക്ഷി തന്റെ അപരാധത്തെ ഏറ്റു പറഞ്ഞു. 


ഉടനെ ഭട്ടതിരി "എന്നാൽ ഞാനിപ്പോൾ നിന്നെ ഹോമിക്കും" എന്നു പറഞ്ഞു. "എന്നെ ഹോമിച്ചാൽ ഇന്നേക്കു നാല്പത്തൊന്നാം ദിവസം അങ്ങു ചക്രശ്വാസം വലിച്ചു മരിക്കും" എന്ന് യക്ഷി പറഞ്ഞു. അപ്പോൾ ഭട്ടതിരി "അങ്ങനെ വരാതിരിക്കാൻ ഒരു മാർഗമില്ലെന്നു വരുമോ" എന്നു ചോദിച്ചു. "നാൽപത്തൊന്നാം ദിവസം തിരുവാലൂർ പോയി ദർശനം കഴിക്കാൻ സംഗതിയായാൽ മരിക്കില്ല. അല്ലാതെ ശാപമോക്ഷമുണ്ടാകുന്നതല്ല" എന്ന് യക്ഷി പറഞ്ഞു. "എന്തായാലും ഇനി ഞാൻനിന്നെ വിട്ടയയ്ക്കുന്നില്ല" എന്നു പറഞ്ഞു ഭട്ടതിരി ആ യക്ഷിയെ പിടിച്ചു ഹോമിക്കുകയും ചെയ്തു. ഇത്തരത്തിൽ വളരെ രസകരമായ കഥയാണ് ഐതിഹ്യമാല പങ്കു വയ്ക്കുന്നത്. 

Photo by Sourav Mishra from Pexels

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...