സർപ്പ ജന്മം
ഉച്ചവെയിലിലേക്ക് രാമു പ്രാന്തനെപ്പോലെ നടന്നു, എവിടെയാണാ കിളവൻ?, മനുഷേന്റെ മനസമാധാനം കളയാനായിട്ട്..വശത്തായി റെയിൽപാളം മിന്നിത്തിളങ്ങുന്നു. ചൂടിന്റെ മതിൽ ഒരു കടൽപോലെ. ൾ കടിപിടി കൂടി നായ്ക്ക അയാളുടെ മുന്നിലേക്കെത്തി.
ഒരു കല്ലെടുത്തു അയാൾ വീക്ക് കൊടുത്തു. പേടിച്ചു മുന്നോട്ടോടിപ്പോയ ചെമ്പൻ നിറത്തിലെ ആ നായ വട്ടം കറങ്ങി തിരികെ വന്നു. അയാൾ ഇറക്കത്തിലേക്കു മുണ്ടു മുറുക്കി കുത്തി ചാടിയിറങ്ങി റോഡരികത്തെ ചായക്കടയിലേക്കെത്തി. അപ്പൻ ഇതിലേങ്ങാനും വന്നോ തോമച്ചേട്ടാ.. കുറച്ചു മുന്നേ ഇവിടെ ഇറയത്തിരിപ്പുണ്ടാരുന്നു. പിന്നെ ദേ ആ തിട്ട വഴി ഇറങ്ങിപ്പോണതു കണ്ടു, എന്തേ രാമു?.
മറുപടി പറയാതെ ധൃതിയിൽ അയാൾ ചെങ്കല്ലിൽ വെട്ടിയുണ്ടാക്കിയ പടവിലൂടെ ട്രാക്കിലേക്കിറങ്ങി നടന്നു. മീന വെയിലിൽ കണ്ണുപുളിക്കുന്നു. കണ്ണിനു മുകളിൽ കൈവച്ചു അകലേക്കു നോക്കി. പാളം വളഞ്ഞു പാമ്പിനെപ്പോലെ തലയിട്ടു തല്ലുന്നു, പുളയ്ക്കുന്നു. നായ്ക്കളുടെ കടിപിടി ശബ്ദം, അയാൾ അവിടേക്കോടി. പുള്ളിക്കരയൻ മുണ്ട് കീറിപ്പറിഞ്ഞു വശത്തെ മുള്ളിൽ ഉടക്കി കിടന്നിരുന്നു. അയാൾ പൊന്തക്കാടിനുള്ളിലേക്കു നോക്കി തലയിൽ കൈവച്ചു താഴേക്കിരുന്നു.
………
മൂക്കത്തു കൈവച്ചു സരോജിനി പുകയുയരുന്ന തെക്കേപ്പറമ്പിലേക്കു നോക്കി നിന്നു. അത്ര വിഷമമൊന്നുമില്ല. ഇനി ഇറയത്തെ കട്ടിലെടുത്തു ചായ്പിലേക്കു വെക്കാം. സമാധാനത്തോടെ തൊഴിലുറപ്പിനു പോകാം. ആർക്കും കാവലിരിക്കേണ്ട. പക്ഷേ എന്തോ എവിടെയോ ഒരു ഒറ്റപ്പെടൽ. അലഞ്ഞു തിരിഞ്ഞു എപ്പോഴോ വന്നു കേറുന്ന രാമുവിനേക്കാൾ അങ്ങേരൊരു കൂട്ടായിരുന്നു.
ഇറയത്തേക്കൊരു വിളക്കു വയ്ക്കാൻ ചെന്നപ്പോൾ ഒരു ചെമ്പൻ നായ വാലാട്ടി വന്നു.മണത്തു നിന്നശേഷം. അവൻ മുറ്റത്തെ മുൾക്കൈതയുടെ അടുത്തേക്കു പോയി, ചെറിയ കുഴി മാന്തി കാഷ്ഠിച്ചു. അവൾ വേഗം വാതിലടച്ചു അകത്തേക്കു കയറി.
……….
കണ്ണും തിരുമ്മി രാമു മുറ്റത്തേക്കിറങ്ങി. കൈതച്ചോട്ടിലേക്കു മൂത്രിക്കാനൊരുങ്ങിയപ്പോളാണ് അയാൾക്ക് സ്ഥകാല വിഭ്രമം ഉണ്ടായത്. അയാള്‍ ഇറയത്ത് കുന്തിച്ചിരിക്കുന്ന കൊച്ചുകറുമ്പനെ നോക്കി, തെക്കേ പറമ്പിലെ വിറകു കൂമ്പാരവും ചിതറിക്കിടക്കുന്ന തെറ്റിപ്പൂക്കളും നോക്കി. കാളിയമ്മൂമ്മ വടിയും കുത്തി മുറ്റം കയറി വന്നു. ഏടോ കുറുമ്പച്ചാ താൻഡ ചത്തില്ലേടോ..പിന്നെ ആരെയേ ഇവരും ദഹിപ്പിച്ചു, അരിയിട്ടേ…
സരോജിനിയും ഇറങ്ങി പരിഭ്രമിച്ചു നിന്നു. വീടിനു ചുറ്റും ആളുകള്‍ കൂട്ടം കൂടുകയായിരുന്നു.
ടർർ. സാബു തന്റെ മുടിവെട്ടുകടയിൽ മേത്തിടുന്ന ടർക്കി കോഴികളെ തുരത്തിക്കൊണ്ടു കുടഞ്ഞു. അറ്റുപോയ ചെവികൾ തിന്നാൻ വരുന്ന കോഴികളാണെന്നാണ് നാട്ടുകാർ പറയുന്നത്. സാബു കത്തിയെടുത്തു കൃതാവിൽ വച്ചപ്പോൾ രാമു ഭീതിയോടെ മുന്നിലെ കണ്ണാടിയിൽ നോക്കി. അയാൾ കത്തി അമർത്തി താഴേക്കു വലിച്ചു.ആശ്വാസം.. മുറിഞ്ഞില്ല. അയാൾ ആശ്വാസത്തോടെ ഭിത്തിയിലെ സുന്ദരിമാരുടെ മാറിടത്തിലേക്കു നോക്കി. രാമുവിന്റെ കണ്ണിനെ പിന്തുടർന്ന സാബു ഒന്നു ഊറിചിരിച്ചു സരോജിനിക്ക് എത്രാടാ മക്കൾ രാമ്വേ.
അയാൾ ഒന്നും മിണ്ടാതെ ഇളകിയിരുന്നു. അവളെ എങ്ങനേടോ നിനക്ക് കെട്ടിച്ചു തന്നത്. അതെന്താ എനിക്കെന്താ കുറവ്.. ഏയ് കുറവൊന്നൂല്യാ. കൂടുതലാന്നാ കടവത്ത് കുത്തിമറിയാൻ പറയുന്ന പിള്ളേരു പറഞ്ഞു നടക്കുന്നേ..
ഇയാൾ വേഗം വടിക്കണുണ്ടോ..എനിക്കു ചന്തേ പോകണ്ടതാവ്വേ..ഉം ദാ തീർന്നു കൊച്ചുകറുമ്പൻ ഇപ്പോ കറങ്ങാൻ പോക്കുണ്ടോടാ..ഇല്ല പുറത്തേക്കു വിടല്ലെന്നു അവളെ പറഞ്ഞേപ്പിച്ചിട്ടുണ്ട് അവൻ മുണ്ടിന്റെ തുമ്പുയർത്തി താടി തുടച്ചു പുറത്തേക്കിറങ്ങി, വെയിലിന്റെ ചൂട് കവിളിൽ തട്ടിയപ്പോൾ അവന് കിക്കിളി തോന്നി. ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ അവനു കഴുത്തിലൂടെ എന്തോ ഒലിച്ചിറങ്ങുന്നതായി തോന്നി, അവൻ കഴുത്തിൽ തടവി..ചോര..അവൻ കൈയ്യിൽ പുരണ്ട ചോര ചുമരിൽ തേച്ചു..
…………
സരോജം തന്റെ വെള്ള ബ്രായും തോർത്തും കഞ്ഞിവെള്ളത്തിൽ മുക്കിയശേഷം തുള്ളിനീലമൊഴിച്ച ബക്കറ്റിലേക്കു മുങ്ങി പിഴിഞ്ഞു അരയിലേക്കിട്ടു. വെള്ളത്തുള്ളികൾ താഴേക്കു ഇറ്റു വീണു. ദേഹത്തു വെള്ളം വീണപ്പോൾ അവളുടെ അടുത്തുനിന്ന ചെമ്പൻ ദേഹം ഒരു മരച്ചക്കുപോലെ ചലിപ്പിച്ചു തണലിലേക്കോടി.
അവള്‍ അരപ്ളേസിലേക്കു നോക്കി എന്തോ പിറുപിറുത്ത കൊച്ചുകറുമ്പൻ അവിടെയിരിപ്പുണ്ട്.അവളുടെ മുഖത്തേക്കു നോക്കി പല്ലില്ലാത്ത മോണ കാട്ടി അയാൾ ചിരിച്ചു. അടുക്കളയിൽ പാത്രങ്ങള്‍ മറിഞ്ഞു വീഴുന്ന ശബ്ദം അവള്‍ പിന്നാമ്പുറത്തൂടെ അടുക്കളയിലേക്കോടി. ശ്ചൂ പൂച്ച..അവളുടെ കാലിനടുത്തെത്തി, തെന്നിത്തെറിച്ചു പൂച്ച വെളിയിലേക്കു പാഞ്ഞൂ..നിലത്താകെ ചിതറി മത്തികഷ്ണങ്ങളും മാങ്ങയും പുളിയും . അവൾക്കു കരച്ചിൽ വന്നു.
എല്ലാം വാരിയെടുത്തു, കൈകഴുകി ഉമ്മറത്തേക്കു വന്ന അവൾ ഞെട്ടി. ഇല്ല വീണ്ടും കിഴവൻ പോയിരിക്കുന്നു. അവൾ ഉള്ളിലൊരാന്തലോടെ പുറത്തേക്കോടി. അയാളുടെ പ്രായാധിക്യം വച്ചു ഒരു നൂറുവാരയിലപ്പുറം പോകാനിടയില്ല. ഇതു നോക്കാവുന്ന ദൂരത്തൊന്നുമില്ല.
……….
തല തകർന്നു പണയില്‍ കിടക്കുന്ന മൃതശരീരം അയാൾ ഒരു തവണ നോക്കി, തെറ്റുപറ്റരുത് ഒരു തവണ ആളു മാറി ആരെയോ ദഹിപ്പിച്ചതാണ്..മെല്ലിച്ച കൈയ്യിലെ മുറിവിന്റെ പാട്..അതല്ലാതെ വേറെന്ത് അടയാളമാണ് തിരിച്ചറിയാനുള്ളതെന്ന് അവൻ ഓർത്തു നോക്കി, ഒന്നുമില്ല..മുഖത്തേക്ക് കാര്യമായി ശ്രദ്ധിക്കാറ് തന്നെയില്ല. അവൻ കൈയ്യിലെ പാടു കണ്ടു..പൊലീസുകാരനെ നോക്കി തലയൊന്നാട്ടി...അതെ..എടുത്തോളൂ.തിരിഞ്ഞു രാമുവിനോടു പറഞ്ഞു. ജില്ലാ അസ്പത്രിയിലേക്കാ.. ജീപ്പിൽ കേറി ഇരുന്നോ, പേപ്പറിൽ ഒപ്പിടാനുണ്ട്…തിരികെ വന്നപ്പോൾ സരോജിനിയും മൂന്നാലു സ്ത്രീകളും മുറ്റത്തിരിപ്പുണ്ടായിരുന്നു.
മുനിസിപ്പാലിറ്റി ചുടുകാട്ടിലേക്കാണെടുത്തു. ചടങ്ങിനായി കുറേ പൈസ പൊടിച്ച ക്ഷീണം മാറി വരുന്നേയുള്ളൂ. ആ ചടങ്ങുകൊണ്ടു ഈ ആത്മവും തൃപ്തിപ്പെട്ടോളും അയാൾ ആരോടൊന്നില്ലാതെ പറഞ്ഞ ശേഷം..ശേഖരന്റെ സൈക്കിളിനു പിന്നിലിരുന്നു ഷാപ്പിലേക്കു പോയി. ആ ഇരുപ്പിൽ ഉത്സവ പറമ്പിലേക്കുള്ള ത ഓർമ്മ വന്നു. ഇളംകള്ളിന്റെ വാസനയും കാജാബീഡിപ്പുകയും സൈക്കിളിന്റെ കടകട ശബ്ദവും, അള്ളിപ്പിടിച്ചിരിക്കുന്ന കുട്ടി.
രാത്രി പുറത്തുനിന്നു വരണ്ട ചുമ കേട്ടു. ആരെയോ പ്രതീക്ഷിച്ചിരുന്നതുപോലെ സരോജിനി ചാടിയെണീറ്റു വാതിൽ തുറന്നു ഇരുട്ടിലേക്കു നോക്കി. രാമു കട്ടിലിൽ തലയ്ക്കു കൈകൊടുത്തു കണ്ണടച്ചിരുന്നു. അയാളെ തറപ്പിച്ചു നോക്കിയശേഷം അടുക്കളയിൽപ്പോയി കുഴിയൻ പിഞ്ഞാണത്തിൽ കഞ്ഞിയും ചമ്മന്തിയും എടുത്തവൾ പുറത്തേക്കു വച്ചു. കൊച്ചു കറുമ്പൻ നിലത്തു കൈകുത്തി ഇഴഞ്ഞു. അകത്തേക്കു കയറി വന്നു. അയാളുടെ അരയ്ക്കു താഴേക്കു ഒരു പാമ്പിനെപ്പോലെ രൂപം നഷ്ടമായിരുന്നു.
ചായ്പിലേക്കു നീക്കിയ കട്ടിലിനടിയിൽ അയാൾ ഒരു മണ്ഡലിയെപ്പോലെ ചുരുണ്ടു. ഭക്ഷണവുമായി എത്തിയാൽ മാത്രം തലനീട്ടി പുറത്തേക്കു വന്നു. ഭക്ഷമത്തിന്റെ അളവ് ദിനം പ്രതി കുറഞ്ഞു വന്നു. അയാളുടെ പീളകെട്ടിയ കണ്ണുകളുടെ കാഴ്ച നഷ്ടമായി. പാത്രത്തിൽ നിന്നു വെള്ളം നായയെപ്പോലെ അയാൾ നക്കിക്കുടിച്ചു. നേരം വെളുക്കുമ്പോൾ അവർ ചായ്പ്പിലേക്കോടി വന്നു നോക്കും. അവരെ നിരാശപ്പെടുത്തി അയാളുടെ താളത്തിലുള്ള കൂർക്കം വലി മുഴങ്ങും.
വടത്തിനൊപ്പം ചുരുട്ടി വച്ച പ്ളാസ്റ്റിക് കയറെടുത്തു രാമു ചായ്പ്പിലേക്കു വന്നു. കഴുത്തിലൂടെ കയറിട്ടു വലിച്ചു പിടിച്ചുഒരു മിനിട്ട് തികച്ചെടുത്തില്ല. വിയർത്തു കുളിച്ചിരുന്നു. സരോജിനി എണീറ്റു വരുമ്പോൾ പുതപ്പും പായും പറമ്പിലിട്ടുസ കത്തിക്കുകയായിരുന്നു രാമു, അവൾ വാ തുറക്കാനാഞ്ഞതും നിലത്തെ മണ്ണിളകിക്കിടക്കുന്നതും തൂമ്പ കൊണ്ടു ഉറപ്പിച്ചു പാടും കണ്ടു. അവൾ അയാളെ നോക്കി ഒന്നു മന്ദഹസിച്ചു. അയാളും തിരിച്ചു ഒന്നു ചിരിച്ചു കാണിച്ചു.
…………..
മേച്ചേരി രാഘവന്റെ അഞ്ചരകണ്ടിയിലെ ആകാശം മുട്ടെയുള്ള മച്ചി പ്ളാവിന്റെ കുടുന്തയിലിരുന്നവൻ വടം മുകളിലേക്കു വലിച്ചു കയറ്റി, ചെറിയ ചില്ലകൾ കൈക്കോടലിക്കു മുറിച്ച് താഴേക്കിട്ടുകൊണ്ടിരുന്നു. അവിടെയിരുന്നാലവനു വീടു കാണാമായിരുന്നു.
ബാർബർ രാമു പൊതു കിണറിന്റെ അവിടെ ഒരു വലംവച്ചു വീടിനു പിന്നാമ്പുറത്തേക്കു പോകുന്നത് രാമു കണ്ടു. . അവൻ കോടാലി തോളിൽ തൂക്കി ഒരു വാനരനെപ്പോലെ താഴേക്കു പാഞ്ഞു. അവന്രെ വരവ് കണ്ടു രാഘവൻ എന്തെക്കെയോ ഉച്ചത്തിൽ താഴെ നിന്നു മുകളിലേക്കു കൈചൂണ്ടി വിളിച്ചു പറഞ്ഞു. താഴെ നിന്നു മൂന്നാമത്തെ കവരത്തിൽ ഒരു സർപ്പത്തെപ്പോലെ പിണഞ്ഞിരിക്കു കിഴവനെകണ്ട് അയാൾ ഞെട്ടി..ഒരു അലർച്ച താഴെ പൊടി മണ്ണിലെത്തി ഞരക്കമായി മാറി...
Photo by Paul Seling from Pexels

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...