കുളപ്പുറത്തു ഭീമന്റെ പ്രേതം, ഒരു അവതാരപുരു‌ഷൻ

മീനച്ചിൽ താലൂക്കിൽ കയ്യ്യൂർ ദേശത്തു കുളപ്പുറത്ത് എന്ന നായർ ഗൃഹത്തിൽ കൊല്ലവർ‌ഷം 9 ശതകത്തിൽ ജീവിച്ചിരുന്ന ഒരു മനു‌ഷ്യന്റെ പേരാണ്കുളപ്പുറത്തു ഭീമൻ. ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമൻ കാഴ്ചയിൽ ഒരു ഭീമൻ തന്നെയായിരുന്നു. അയാൾക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് തറവാട്ടിൽ കാരണവർ പതിവുവച്ചിരുന്നത്. അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാൽ അയാൾ സമീപത്തുള്ള കാടുകളിൽ കയറി ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തിൽ ജീവിച്ചിരുന്നത്. തറവാട്ടിൽ കാരണവസ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കകയും ചെയ്ത കാലം മുതൽ ഭീമൻ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേർന്ന മറ്റു വിഭവങ്ങളുമാണ് ഭീമൻ സ്വയമേവ നിശ്ചയിച്ചപതിവ്. കാരണവരായപ്പോൾ തറവാട്ടിൽ അധികച്ചെലവുണ്ടാക്കി എന്നുള്ള ദു‌ഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാൻ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്ചയിച്ചു എന്നേയുള്ളു. പോരാത്തതു യഥാപൂർവ്വം വന്യമൃഗങ്ങളെക്കൊണ്ടുതന്നെയാണ് അയാൾ നികത്തിപ്പോന്നത്. പക്ഷേ, പ്രായത്തിനും സ്ഥിതിക്കും തക്കവണ്ണം അയാൾ അതൊന്നു പരി‌ഷ്കരിച്ചിരുന്നു. ചെറുപ്പത്തിൽ ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു ചുട്ടു തിന്നുകയാണല്ലോ അയാൾ ചെയ്തിരുന്നത്. യൗവ്വനമായപ്പോൾ മാൻ, പന്നി മുതലായവയെ പിടിച്ചു കൊണ്ടുവന്നു കാലുകൾ കെട്ടി വലിയ ചെമ്പിലോ വാർപ്പിലോ ഇട്ട് അടുപ്പത്തുവച്ചു വെള്ളമൊഴിച്ചു വേവിച്ചെടുത്തു തോൽ പൊളിച്ചാണ് അയാൾ തിന്നിരുന്നത്. അതും ഒരു വിശേ‌ഷ രീതിയിലായിരുന്നു. ഭീമനു പകൽ സമയം കിടക്കുന്നതിന് ഒരു തൂക്കുവഞ്ചി (ഊഞ്ഞാൽക്കട്ടിൽ) ഒരു മുറിക്കകത്തു തൂക്കിയിരുന്നു. ഇതിന്റെ തലയ്ക്കലായി മാൻ,പന്നി മുതലായവയുടെ വേവിച്ച മാംസം പൊക്കംപാകത്തിനു കെട്ടിത്തൂക്കും. പിന്നെ ഊഞ്ഞാൽക്കട്ടിലിൽ മലർന്നു കിടന്ന് ആടിക്കൊണ്ടു കടിച്ചു കടിച്ചു തിന്നും. ഇങ്ങനെയാണ് പതിവ്. കഞ്ഞിയും ചോറും കറികളും കുടാതെ രണ്ടു പന്നിയെയും ഒരു മാനിനെയും അയാൾ പ്രതിദിനം ഇങ്ങനെ ഭക്ഷിച്ചിരുന്നു. continued...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പത്മനാഭ സ്വാമിയുടെ ബി നിലവറയിലെ സുന്ദര യക്ഷി ചിരുതേവി–Kanjirottu Yakshi and Sree Padmanabha Swamy Temple

പാലോട് വനമേഖലയിലെ സുമതി വളവ്, പ്രേത വേട്ടക്കാരുടെ പ്രിയ ഇടം- എന്താണ് ഇവിടത്തെ കഥ

എന്താണ് കടമറ്റം സമ്പ്രദായം, ആരാണ് കടമറ്റത്തു കത്തനാർ; പോയേടം കിണറെന്ന അത്ഭുത സ്ഥലവും പനയന്നാർകാവ് യക്ഷിയും ...