"പനയന്നാർക്കാവിലെ യക്ഷി"- 2
കത്തനാർ ആ സ്ഥലത്തു ചെന്നപ്പോഴും യക്ഷി മേൽപറഞ്ഞ വേഷത്തിൽ വഴിയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെന്നപ്പോൾ യക്ഷി പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്, "ഒന്നു മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു ചോദിച്ചു.
അതുകേട്ടു കത്തനാർ സന്തോഷത്തോടുകൂടി "തരാമല്ലോ" എന്നു പറഞ്ഞിട്ടു കുറച്ചു ചുണ്ണാമ്പെടുത്ത് ഒരിരുമ്പാണിമേൽ വച്ചു നീട്ടിക്കൊടുത്തു.
അതു മേടിക്കാൻ യക്ഷി സ്വല്പം മടിച്ചു. ഏങ്കിലും മേടിച്ചു. അതോടുകൂടി യക്ഷി കത്തനാരുടെ ബന്ധനത്തിലകപ്പെടുകയും അവൾക്ക് ഒന്നിനും ശക്തിയില്ലാതായിത്തീരുകയും ചെയ്തു.
ചുണ്ണാമ്പോടുകൂടി ആ ഇരുമ്പാണി കൈയിൽ കൊടുത്തു എന്നാണ് യക്ഷിക്കു തോന്നിയത്. എന്നാൽ കത്തനാർ ഒരു മന്ത്രം ജപിച്ച് ആ ആണി അവളുടെ ശിരസ്സിൽ തറയ്ക്കുകയാണ് ചെയ്തത്. ആ വാസ്തവവും യക്ഷി അറിഞ്ഞില്ല.
ചുണ്ണാമ്പ് കൊടുത്തിട്ട് ഉടനെ കത്തനാർ നടന്നുതുടങ്ങി. ഒരു ദാസിയെപ്പോലെ യക്ഷിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. അങ്ങനെ നടന്നും ഇടയ്ക്ക് ചില സ്ഥലങ്ങളിലും താമസിച്ചും നാലഞ്ചു ദിവസംകൊണ്ട് അവർ കായംകുളത്തു വന്നു ചേർന്നു.
അവിടെ കത്തനാർക്കു പരിചയമുള്ള ഒരു വീടുണ്ടായിരുന്നതിനാൽ അദ്ദേഹം അവിടെ കയറി. യക്ഷിയും കൂടെത്തന്നെ ഉണ്ടായിരുന്നു
. ആ വീട് കത്തനാരുടെ മാതുലന്റേതായിരുന്നുവത്ര. അവിടെ അക്കാലത്തു കത്തനാരുടെ മാതുലിയും വയോവൃദ്ധയും വിധവയുമായ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിധവ യക്ഷിയെ കണ്ടിട്ട് "ഇവളേതാണ്" എന്നു ചോദിച്ചു.
കത്തനാർ: ഇവളെ ഇപ്പോൾ ഞാനെന്റെ ദാസിയാക്കിയിരിക്കുകയാണ്, എന്താ ചോദിച്ചത്?
വൃദ്ധ: എനിക്കു സഹായത്തിന് ഇവിടെ ഒരു പെണ്ണുണ്ടായാൽ കൊള്ളാമെന്നുണ്ട്. ഇവിടെ ഞാൻമാത്രമല്ലേയുള്ളൂ? അതാണ് ചോദിച്ചത്.
കത്തനാർ: ഓഹോ, വിരോധമില്ല. വേണമെങ്കിൽ ഇവളെ ഇവിടെ താമസിപ്പിച്ചേക്കാം.
ഇതുകേട്ടു വൃദ്ധയ്ക്കു വളരെ സന്തോഷമായി. അവർ ആ യക്ഷിയെ തന്റെ പുത്രിയെപ്പോലെ വാൽസല്യപൂർവം സ്വീകരിച്ചു. ഉടനെ കത്തനാർ കുളിക്കാൻ പോയി. യക്ഷിയും വൃദ്ധയും കുടി ഭക്ഷണത്തിനെല്ലാം കാലമാക്കി.
കത്തനാർ കുളിയും ഊണും കഴിഞ്ഞു സ്വല്പമൊന്നു കിടന്നു.
വൃദ്ധയും യക്ഷിയും ഊണു കഴിഞ്ഞ് ഓരോ വർത്തമാനങ്ങളും പറഞ്ഞ് അവിടെ വേറൊരു മുറിയിലിരുന്നു. ആ സമയം വാൽസല്യത്തോടുകൂടി അവർ, യക്ഷിയുടെ തലമുടി ഭംഗിയായി കെട്ടിക്കുന്നതിനായി ചീർപ്പെടുത്തു ചീകി...
to be continued-yesterday

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വെബ്സൈറ്റ് ഏതെങ്കിലും രീതിയിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മുടെ തന്നെ ഐതിഹ്യ കഥകളിലെ മിത്തുകളെയും രസകരമായ നോവലുകളെയും പരിചയപ്പെടുത്തുന്നു...