തലയിൽ കത്തുന്ന തീക്കനലുമായി മറവങ്കോടു യക്ഷി–രക്തദാഹി
പാറക്കോട് വനം, പട്ടാപ്പകലും കൂരിരുൾ ചൂഴ്ന്നു നിൽക്കുന്ന വന്യഭാവം, പുലിയും ചെന്നായയും വിഹരിച്ചിരുന്ന ആ പ്രദേശത്തെ ആ വന്യമൃഗങ്ങളേക്കാളും ആളുകവെ പേടിപ്പിച്ചിരുന്ന മറ്റൊരു രൂപമാണ് – മറവങ്കോടു യക്ഷി–രക്തദാഹി. വനത്തിലൂെട യാത്ര ചെയ്യുന്നവരുടെ പൊടിപോലും മിച്ചംകിട്ടില്ല. ആ രക്തദാഹിയായ യക്ഷിയെ ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായ ദേവനാരായണൻ എന്ന ഒരു മാന്ത്രിക നെരിപ്പോടിലേക്ക് ആവാഹിച്ചു. പക്ഷേ തലയിൽ കത്തുന്ന തീക്കനലുമായി അവൾ രക്ഷപ്പെട്ടു. ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെത്തി നരസിംഹമൂർത്തിയുടെ കോവിലിൽ നിവേദ്യപൂജ ചെയ്യുകയായിരുന്ന ദേവനാരായണനെ ഉപദ്രവിക്കാൻ തുനിഞ്ഞു. ദിഗന്തം പിളർക്കുമാറൊരു അലർച്ച ഉയർന്നു. ഹിരണ്യകശിപുവിൽനിന്നു പ്രഹ്ളാദനെ കാത്തപോലെ നരസിംഹമൂർത്തി അവളെ പാറക്കോട്ടു നിന്നും ഓടിച്ചു. തുടർന്നു യക്ഷി മറവങ്കോട്ട് ( ഇളയിടത്ത് സ്വരീപത്തിൽ കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന മറവന്മാരായ ചില കൊള്ളക്കാരെ അധികാരമേറ്റ ശേഷം ഇളയിടത്ത് റാണി അമർച്ച ചെയ്തപ്പോൾ അവർ കാട്ടിലേക്ക് മാറി താവളമാക്കി. അങ്ങനെ മറവന്മാർ തമ്പടിച്ച മല മറവങ്കോട് എന്നറിയപ്പെട്ടു). അവിടേയ്ക്ക് എത്തിയ യക...