കുളപ്പുറത്തു ഭീമന്റെ പ്രേതം, ഒരു അവതാരപുരുഷൻ
മീനച്ചിൽ താലൂക്കിൽ കയ്യ്യൂർ ദേശത്തു കുളപ്പുറത്ത് എന്ന നായർ ഗൃഹത്തിൽ കൊല്ലവർഷം 9 ശതകത്തിൽ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ പേരാണ്കുളപ്പുറത്തു ഭീമൻ. ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമൻ കാഴ്ചയിൽ ഒരു ഭീമൻ തന്നെയായിരുന്നു. അയാൾക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് തറവാട്ടിൽ കാരണവർ പതിവുവച്ചിരുന്നത്. അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാൽ അയാൾ സമീപത്തുള്ള കാടുകളിൽ കയറി ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തിൽ ജീവിച്ചിരുന്നത്. തറവാട്ടിൽ കാരണവസ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കകയും ചെയ്ത കാലം മുതൽ ഭീമൻ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേർന്ന മറ്റു വിഭവങ്ങളുമാണ് ഭീമൻ സ്വയമേവ നിശ്ചയിച്ചപതിവ്. കാരണവരായപ്പോൾ തറവാട്ടിൽ അധികച്ചെലവുണ്ടാക്കി എന്നുള്ള ദുഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാൻ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്...